ചെറുവത്തൂർ: സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന ഓർമകളിൽ ഇന്നും അഭിമാനിക്കുകയാണ് കയ്യൂർ ഗ്രാമം. തുടിക്കുന്ന ഗ്രാമസൗന്ദര്യം ഇപ്പോഴും സമരഓർമകളെ ഉത്തേജിപ്പിക്കുകയാണ്.
ബ്രിട്ടീഷ് ഭരണത്തിനും അതിന്റെ തണലിൽ വളർന്ന ജന്മികളുടെ ചൂഷണത്തിനും എതിരായി കേരളത്തിൽ നടന്ന ഐതിഹാസിക പോരാട്ടങ്ങളിൽ ശ്രദ്ധേയമായ ഗ്രാമമാണ് കയ്യൂർ സമരം. സമരത്തിന്റെ തുടർച്ചയായി നാലു സാധാരണക്കാരെ ബ്രിട്ടീഷുകാർ തൂക്കിക്കൊന്നു. ഇന്ത്യയിൽത്തന്നെ, സാമ്രാജ്യത്വവിരുദ്ധ സമരത്തിൽ ഒരേ സംഭവത്തിൽ നാലുപേരെ തൂക്കിലേറ്റിയ അനുഭവം വേറെയുണ്ടാകില്ല. 1941 മാർച്ച് 28നാണ് സംഭവങ്ങളുടെ തുടക്കം. ജന്മിത്ത ചൂഷണത്തിനും പൊലീസ് മർദനങ്ങൾക്കുമെതിരേ പ്രതിഷേധിക്കാൻ സംഘടിതരായെത്തിയ ജനങ്ങൾക്കുമുന്നിൽപ്പെട്ട സുബ്ബരായൻ എന്ന പൊലീസുകാരൻ പ്രാണരക്ഷാർഥം പുഴയിൽ ചാടുകയും മുങ്ങിമരിക്കുകയും ചെയ്തു. ഇതേത്തുടർന്ന് പൊലീസുകാർ കയ്യൂരിലും പരിസരങ്ങളിലും നരനായാട്ട് നടത്തി. ഒട്ടേറെയാളുകൾക്ക് മർദനമേറ്റു.
കേസിൽ പ്രതികളായി കണ്ടെത്തിയ മഠത്തിൽ അപ്പു, പൊടോര കുഞ്ഞമ്പു നായർ, കോയിത്താറ്റിൽ ചിരുകണ്ഠൻ, പള്ളിക്കൽ അബൂബക്കർ എന്നിവരെ തൂക്കിലേറ്റി. ചൂരിക്കാടൻ കൃഷ്ണൻ നായരെയും വധശിക്ഷക്ക് വിധിച്ചെങ്കിലും പ്രായപൂർത്തിയാകാത്തതുകൊണ്ട് ജീവൻ നഷ്ടമായില്ല. കയ്യൂരിലെത്തിയ ഈ സ്വാതന്ത്ര്യ സ്മരണ പുതുക്കാം. ഒപ്പം കയ്യൂരിന്റെ സൗന്ദര്യം നുകരുകയും ചെയ്യാം. അരയാക്കടവ്, കയ്യൂർ വയൽ, വാഴത്തോട്ടം, കമുകിൻ തോട്ടം, പാലായി ഷട്ടർ കം ബ്രിഡ്ജ്, പാലോത്തെ സ്തംഭം തുടങ്ങി കയ്യൂരിലെത്തിയാൽ കാണാനേറെയുണ്ട്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ കയ്യൂരിനെ പഠിക്കാനും ഒപ്പം ഗ്രാമക്കാഴ്ചകൾ ആസ്വദിക്കാനുമായി നിരവധി പേരാണ് ദിവസേന എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.