കാസർകോട്: ‘കേരള സ്കൂൾ വെതർ സ്റ്റേഷൻ’ പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകളിൽ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് ഈ അക്കാദമിക വർഷത്തിൽ ആകർഷകവും വ്യത്യസ്തവുമായ തുടർപ്രവർത്തനങ്ങളുമായി സമഗ്ര ശിക്ഷ കേരളം. ഭൂമിശാസ്ത്രം ഐച്ഛിക വിഷയമായി എടുത്ത് ഹയർസെക്കൻഡറിയിൽ ഹ്യുമാനിറ്റീസ് പഠിക്കുന്ന കുട്ടികൾക്കുള്ള പദ്ധതിയാണിത്.
പദ്ധതിയുടെ ഭാഗമായി സമഗ്ര ശിക്ഷ കേരളം ദേശീയ വിദ്യാർഥി കാലാവസ്ഥ സമ്മേളനം വരുന്ന സെപ്റ്റംബറിൽ സംഘടിപ്പിക്കും. ഇതിെന്റ മുന്നോടിയായി ഈ മാസം 17വരെ കേരളത്തിലെ എല്ലാ ജില്ലകളിലും ‘മൺസൂണും കുട്ട്യോളും’ എന്ന പേരിൽ വിദ്യാർഥികൾക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചുവരുന്നുണ്ട്. മൺസൂൺ മഴയുടെ സ്വഭാവം, കാലാവസ്ഥ മാറ്റങ്ങൾ, ദിനാവസ്ഥ വിവരശേഖരണം, വിവര വിശകലനം എന്നിവയെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. ഇത്തരം പഠനാനുഭവങ്ങൾ ദേശീയ വിദ്യാർഥി കാലാവസ്ഥ സമ്മേളനത്തിൽ ഗവേഷണ പഠനങ്ങൾ നടത്താൻ വിദ്യാർഥികളെ പ്രാപ്തരാക്കും.
കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങൾ, പരിസ്ഥിതി സംരക്ഷണം എന്നിവയെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനുവേണ്ടിയാണ് വിദ്യാർഥികൾക്കായി കോൺഫറൻസ് സംഘടിപ്പിക്കുന്നത്. വിദ്യാർഥികളിൽ കാലാവസ്ഥ സാക്ഷരത കൈവരിക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിന്റെ മുന്നോടിയായി തളങ്കര ജി.എം.വി.എച്ച്.എസ്.എസിൽ വെള്ളിയാഴ്ച രാവിലെ 10ന് എൻ.എ. നെല്ലിക്കുന്ന് ജില്ലതല ശിൽപശാല ഉദ്ഘാടനം ചെയ്യും.
ശിൽപശാലക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക ഗവേഷണ കേന്ദ്രത്തിലെ റഡാർ ഗവേഷണ ശാസ്ത്രജ്ഞർ നേതൃത്വം നൽകും. ആഗോള പ്രതിസന്ധികളായ കാലാവസ്ഥ വ്യതിയാനം, ആഗോളതാപനം, പ്രകൃതിദുരന്തങ്ങൾ എന്നിവയെ തരണം ചെയ്യുന്നതിന് വിദ്യാർഥികളിലൂടെ സാമൂഹിക ഇടപെടലും ബോധവത്കരണവും നടത്തുക എന്ന കാഴ്ചപ്പാടും ശിൽപശാലക്ക് പിന്നിലുണ്ട്.
കാസർകോട് ജില്ലയിൽ 11 സ്കൂളുകളിലാണ് കേരള സ്കൂൾ സ്റ്റേഷൻ സ്ഥാപിച്ചിട്ടുള്ളത്. ഓരോ സ്കൂളിൽനിന്നും മൂന്ന് വീതം കുട്ടികളും അവരുടെ അധ്യാപകരെയും പങ്കെടുപ്പിച്ചാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.