കാസർകോട്: മഞ്ചേശ്വരം മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനായി കാസർകോട് വികസന പാക്കേജിൽനിന്ന് 1.40 ലക്ഷം രൂപയുടെ അംഗീകാരമായതായി എ.കെ.എം. അഷ്റഫ് എം.എൽ.എ. പദ്ധതി യാഥാർഥ്യമായാൽ കേരളത്തിൽതന്നെ ആദ്യമായാവും സർക്കാർ മേഖലയിൽ ഇങ്ങനെയൊരു കടൽവെള്ള ശുദ്ധീകരണ പദ്ധതി നടപ്പാക്കുന്നത്.
മഞ്ചേശ്വരം താലൂക്കിലെ തീരപ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം വർഷം കൂടുന്തോറും രൂക്ഷമാവുകയാണെന്നും ഈ ഭാഗങ്ങളിൽ ആവശ്യമായ വെള്ളത്തിന്റെ സ്രോതസ്സില്ലാത്തതിനാൽ ഇതിനു പരിഹാരമായി കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി മഞ്ചേശ്വരം താലൂക്കിൽ കടൽവെള്ള ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്നും എ.കെ.എം. അഷ്റഫ് എം.എൽ.എ പ്രപോസൽ നൽകിയിരുന്നു. ശനിയാഴ്ച കാസർകോട് കലക്ടറേറ്റിൽ നടന്ന യോഗത്തിലാണ് അംഗീകാരമായത്. പദ്ധതിക്കായുള്ള കലക്ടറുടെ പ്രത്യേക താൽപര്യത്തെ എം.എൽ.എ അഭിനന്ദിച്ചു.
സോളാർ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്ലാന്റ് നിർമാണം അക്രഡിറ്റഡ് ഏജൻസി മുഖാന്തരം നടപ്പിലാക്കാനാണ് തീരുമാനം. പദ്ധതി നടപ്പിലായാൽ മഞ്ചേശ്വരം മേഖലയിലെ തീരപ്രദേശങ്ങളിലെയും മറ്റും കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്ന് എ.കെ.എം. അഷ്റഫ് എം.എൽ.എ പറഞ്ഞു. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കാഞ്ഞങ്ങാട് എം.എൽ.എ ഇ. ചന്ദ്രശേഖരൻ, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലവിനാ മോന്റാരോ, കലക്ടർ ഇമ്പശേഖർ, കാസർകോട് വികസന പാക്കേജ് സ്പെഷൽ ഓഫിസർ വി. ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.