മൊഗ്രാൽ: കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ (സി.എച്ച്.സി) നവീകരണത്തിന് നൽകിയ അഞ്ചു കോടി രൂപയും പദ്ധതിയും എവിടെയെന്ന് നാട്ടുകാർ. പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങിയിട്ട് ഒരുവർഷം കഴിഞ്ഞു. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. 2023 തുടക്കത്തിലാണ് ഇത്തരത്തിലൊരു പ്രഖ്യാപനം വന്നത്. കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ളതാണ് കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രം.
മഴക്കാലത്ത് ചോർന്നൊലിക്കുന്നതും കാലപ്പഴക്കം ചെന്നതുമായ കെട്ടിടത്തിലാണ് സി.എച്ച്.സി പ്രവർത്തിക്കുന്നത്. ദിവസേന 300ന് മുകളിൽ രോഗികളാണ് ഇവിടെയെത്തുന്നത്. അടിസ്ഥാന സൗകര്യത്തിന്റെ കുറവ് രോഗികൾക്ക് ഏറെ ദുരിതമാകുന്നുമുണ്ട്. 1954 കാലഘട്ടത്തിൽ നിർമിച്ചതാണ് പ്രസ്തുത കെട്ടിടം. ഇേപ്പഴും ഒരു മാറ്റവുമില്ല. നവീകരണം നടക്കാത്ത ജില്ലയിലെ ഏക ആരോഗ്യകേന്ദ്രമാണ് കുമ്പളയിലെ സി.എച്ച്.സി എന്നാണ് നാട്ടുകാർ പറയുന്നത്.
കുമ്പളയിലെയും പരിസര പ്രദേശങ്ങളിലെയും തൊട്ടടുത്ത പഞ്ചായത്തുകളിലേയും മത്സ്യത്തൊഴിലാളികളും കർഷകരുമടങ്ങിയ സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ ആശുപത്രിയാണിത്. കെട്ടിടം പുതുക്കിപ്പണിയണമെന്നും അടിസ്ഥാനസൗകര്യം വർധിപ്പിക്കണമെന്നും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി.
സന്നദ്ധസംഘടനകൾ ഈ ആവശ്യമുന്നയിച്ച് നിരവധി സമരപരിപാടികളും ആരോഗ്യകേന്ദ്രത്തിന് മുന്നിൽ നടത്തിയിരുന്നു. മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും നിരന്തരം നിവേദനവും നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞവർഷം അഞ്ചു കോടി രൂപയുടെ നവീകരണപദ്ധതി നടപ്പാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചത്.
എന്നാൽ, വർഷം ഒന്നു കഴിഞ്ഞിട്ടും നവീകരണ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾപോലും തുടങ്ങിയിട്ടില്ല എന്നതാണ് വസ്തുത. ഇതാണ് നാട്ടുകാരെ ചൊടിപ്പിക്കുന്നത്. അതിനിടെ, മഞ്ചേശ്വരം താലൂക്ക് വികസനസമിതി യോഗത്തിൽ ഈ വിഷയത്തിൽ ഇടപെടലാവശ്യപ്പെട്ട് ഇതിൽ അംഗമായ താജുദ്ദീൻ മൊഗ്രാൽ തഹസിൽദാർക്ക് നിവേദനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.