കാസർകോട്: സി.എച്ച്. കുഞ്ഞമ്പു എം.എൽ.എക്കൊപ്പം എം. സുമതിയും സി.പി.എം നേതൃനിരയിലേക്ക് എത്തുമ്പോൾ എല്ലാം ജീവിത നിയോഗം. പതിറ്റാണ്ടുകൾക്കു മുമ്പ് സുമതിക്ക് പാർട്ടി അംഗത്വം നൽകി കൈപിടിച്ചു കൊണ്ടുവന്നയാൾ കൂടിയാണ് സി.എച്ച്. കുഞ്ഞമ്പു.
കാസർകോട് ഗവ. കോളജിൽ ഒന്നാം വർഷ പ്രീഡിഗ്രിക്ക് ചേർന്നപ്പോഴാണ് സുമതിക്ക് ഇദ്ദേഹം എസ്.എഫ്.ഐ അംഗത്വം നൽകിയത്. അന്നുമുതൽ പാർട്ടിയിൽ സജീവമാണ് ഇവർ. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി ഒടുവിൽ ജീവിതത്തിലും ഇവർ ഒന്നിച്ചു.
സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും ഉദുമ എം.എൽ.എയുമാണ് അഡ്വ. സി.എച്ച്. കുഞ്ഞമ്പു. ഭാര്യ എം. സുമതി ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല പ്രസിഡൻറാണ്. സി.പി.എം ജില്ല സെക്രട്ടേറിയറ്റിലേക്കാണ് ഇപ്പോൾ ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. കാസർകോട് ടൗൺ സർവിസ് സഹകരണ ബാങ്കിെൻറ മാനേജർ സ്ഥാനത്തുനിന്ന് വി.ആർ.എസ് വാങ്ങിയാണ് സജീവ സംഘടനപ്രവർത്തനത്തിലേക്ക് ഇവർ വരുന്നത്. ജില്ല സെക്രട്ടേറിയറ്റുകളിൽ വനിതകൾ വേണമെന്ന നിബന്ധന കൂടിയാണ് ഇവരിലൂടെ നടപ്പാകുന്നത്.
കുഞ്ഞമ്പു കാസർകോട് ഗവ. കോളജിൽ ബിരുദ രണ്ടാംവർഷ വിദ്യാർഥിയും എസ്.എഫ്.ഐ ഏരിയ ഭാരവാഹിയുമായിരിക്കെയാണ് സുമതി പ്രീഡിഗ്രിക്ക് ചേരുന്നത്. സംഘടനയിൽ ഇരുവരും സജീവമായി പ്രവർത്തിച്ചു. മംഗളൂരുവിലെ നിയമപഠനത്തിനുശേഷം കുഞ്ഞമ്പു ഡി.വൈ.എഫ്.ഐയുടെ ജില്ല ഭാരവാഹിയായപ്പോഴും സഹഭാരവാഹിയായി ഒപ്പമുണ്ടായിരുന്നു.
കാസർകോട് ബാറിൽ അഭിഭാഷകനായിരിക്കെ സുമതി ജില്ല ബാങ്ക് ഡയറക്ടർ പദവിയിലിരുന്ന് മുഴുസമയ പാർട്ടി പ്രവർത്തകയായി.
സൗഹൃദവഴിയിൽ തോന്നിയ പ്രണയം ആദ്യം പുറത്തുപറഞ്ഞത് കുഞ്ഞമ്പു തന്നെ. അനുകൂല മറുപടി കിട്ടിയപ്പോൾ പാർട്ടിയിലെ മുതിർന്ന നേതാക്കളെ അക്കാര്യമറിയിച്ചു. ജില്ല സെക്രട്ടറിയും മുൻ എം.പിയുമായ പി. കരുണാകരനെയാണ് ആ 'രഹസ്യം' ആദ്യമറിയിച്ചത്. അദ്ദേഹം ഒപ്പം നിന്നപ്പോൾ പിന്നെ എല്ലാം എളുപ്പമായി. ഇരുവരുടെയും വീട്ടിൽ വിവരമറിയിച്ചു.
1989 ഡിസംബർ 31ന് കാസർകോട് മിലൻ തിയറ്ററിൽ വെച്ച് മുൻ എം.പി എം. രാമണ്ണറൈ നൽകിയ രക്തഹാരം നൽകി കുടുംബവഴിയിൽ കുഞ്ഞമ്പുവും സുമതിയും ഒരുമിച്ചയായി യാത്ര. ഏക മകൾ ശ്രുതി. മരുമകൻ രാംപ്രകാശ്. ഇരുവർക്കും വിപ്രോയിലാണ് ജോലി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.