കാസര്‍കോട്: കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ മല്ലികാര്‍ജുന ക്ഷേത്രത്തില്‍ നിന്ന് കവര്‍ന്ന ഭണ്ഡാരം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനകത്തെ ഉപദേവനായ അയ്യപ്പന്റെ ശ്രീകോവിലിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ഇരുമ്പ് ഭണ്ഡാരം കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മോഷണം പോയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് കാസര്‍കോട് റെയില്‍വെ സ്റ്റേഷനടുത്തുള്ള കുറ്റിക്കാട്ടില്‍ ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ഭണ്ഡാരത്തിലെ പണം കൊണ്ടുപോയിരുന്നു. ഞായറാഴ്ച രാത്രി ഒന്നിനും തിങ്കളാഴ്ച പുലര്‍ച്ചെ 2.30നും ഇടയിലുള്ള സമയത്താണ് ഭണ്ഡാരം മോഷ്ടിച്ചതെന്നാണ് സി.സി.ടി.വിയിലുള്ള ദൃശ്യത്തില്‍ വ്യക്തമാകുന്നത്. കോവിലിന് മുന്നിലെ ഇരുമ്പ് തൂണിലാണ് ഭണ്ഡാരം സ്ഥാപിച്ചിരുന്നത്. മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ടംഗ സംഘത്തിന്റെ ദൃശ്യം സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. മുണ്ടും പാന്റും ധരിച്ച് മുഖംമൂടിയണിഞ്ഞ രണ്ടുപേരെയാണ് ദൃശ്യത്തില്‍ കാണുന്നത്. ഞായറാഴ്ച രാത്രി 12 മണിക്ക് ക്ഷേത്രം അടച്ചതിനു ശേഷം പരിശോധന നടത്തിയ ശേഷമാണ് സുരക്ഷ ജീവനക്കാരന് തിരിച്ചുപോയത്. ക്ഷേത്രത്തിന്റെ പിന്‍ഭാഗത്തുനിന്ന് ഒരു വാഹനം ഓടിച്ചുപോകുന്ന ശബ്ദം കേട്ടതായി സുരക്ഷ ജീവനക്കാരന് പൊലീസിന് മൊഴി നല്കി.
ഭണ്ഡാരപ്പെട്ടിയില്‍ ഒരു ലക്ഷത്തോളം രൂപ മാസത്തില്‍ ഉണ്ടാകാറുണ്ടെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. ഭണ്ഡാര മോഷണം സംബന്ധിച്ച് ക്ഷേത്ര അധികൃതര്‍ പരാതി നല്‍കിയെങ്കിലും മൊഴി നല്കാന് എത്താതിരുന്നതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.