മൊഗ്രാൽ: പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി കടുപ്പിക്കുമ്പോഴും പ്ലാസ്റ്റിക് മാലിന്യങ്ങൾ വ്യാപകമായി മൊഗ്രാൽ ബീച്ചിൽ തള്ളുന്നതായി പരാതി. വീടുകളിലെയും വിവാഹം പോലുള്ള ചടങ്ങുകളിലെയും മറ്റും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടപ്പുറത്തേക്ക് വലിച്ചെറിയുന്നതെന്നാണ് പരാതി. മാലിന്യം കൂട്ടിയിട്ട് ചിലർ തീ ഇടുന്നതായും പറയുന്നു. പൊതുയിടങ്ങളിലെ മാലിന്യ നിക്ഷേപത്തിനെതിരെ എൻഫോഴ്സ്മെന്റ് സ്ക്വാഡ് വ്യാപകമായി വൻപിഴ ഈടാക്കി നടപടി സ്വീകരിക്കുന്നതിനിടയിലാണ് മാലിന്യ കെട്ടുകൾ കടപ്പുറത്തേക്ക് എത്താൻ തുടങ്ങിയത്.
2025 ജനുവരി 26ന് കാസർകോഡിനെ മാലിന്യമുക്തമായി പ്രഖ്യാപിക്കാനിരിക്കെയാണ് ഈ മാലിന്യം തള്ളൽ. മാലിന്യം ശേഖരിക്കാൻ ഹരിത കർമ സേന എല്ലാ പ്രദേശങ്ങളിലും വീടുകളിൽ എത്തുന്നുണ്ട്. പോരാത്തതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വാർഡുകൾ തോറും മിനി എം.സി.എഫ് സ്ഥാപിച്ചിട്ടുമുണ്ട്. ഇതിനെയൊന്നും ഉപയോഗപ്പെടുത്താതെയാണ് കടപ്പുറത്തേക്ക് മാലിന്യം വലിച്ചെറിയുന്നത്.
ഇത്തരത്തിൽ തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കാറ്റിൽ പറന്ന് കടലോരനിവാസികളുടെ വീട്ടുമുറ്റത്ത് എത്തുന്നതും വീട്ടുകാർക്ക് ദുരിതമാകുന്നുണ്ട്. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ 'മാലിന്യമുക്ത നവകേരളം' ജനകീയ കാമ്പയിൻ സർക്കാർതലത്തിൽ സംഘടിപ്പിച്ചിരുന്നു. ഇതൊന്നും തിരിച്ചറിയാത്തവർക്കെതിരെ മലിന്യ വിഷയത്തിൽ കർശന നടപടി വേണമെന്നാണ് കടലോര നിവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.