മൊഗ്രാൽ പുത്തൂർ കവർച്ച; പ്രതികളുടെ ബന്ധുക്കളുടെ വീടുകളിൽ പരിശോധന നടത്താം

കാസർകോട്: മൊഗ്രാൽ പുത്തൂരിൽ 2021 സെപ്റ്റംബർ 22 ന് നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് പ്രതികളുടെ സഹോദരിമാരുടെ വീടുകളിൽ നടത്തുന്ന പൊലീസ് പരിശോധന വിലക്കാനാവില്ലെന്ന് മനുഷ്യാവകാശ കമീഷൻ. നിയമാനുസൃതവും സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കാത്ത വിധത്തിലുമുള്ള പരിശോധനകൾ മാത്രം നടത്തണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് നിർദേശം നൽകി.

ഒരു കോടി 65 ലക്ഷത്തിലധികം രൂപ കവർന്ന കേസിലെ പ്രതികളായവരുടെ മൂന്ന് സഹോദരിമാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇവർ വയനാട് പുൽപ്പള്ളിയിലാണ് താമസം. പൊലീസ് ഇവരുടെ വീടുകളിൽ പരിശോധന നടത്തിയെന്നാണ് പരാതി.

വയനാട് ജില്ല പൊലീസ് മേധാവിയിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. 12 ഓളം പ്രതികളാണ് മോഷണം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. മംഗളൂരുവിൽനിന്ന് കാറിൽ പണവുമായി വന്ന രാഹുൽ മഹാദേവ് ജാവിൽ എന്നയാളിൽനിന്നാണ് പണം കവർന്നത്. കേസന്വേഷണത്തിന്റെ ഭാഗമായാണ് പ്രതികളുടെ വീട്ടിലും അവിടെ ആളില്ലാത്തതിനാൽ പ്രതികളുടെ സഹോദരിമാരുടെ വീട്ടിലും അന്വേഷണം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആരോടും മോശമായി പെരുമാറിയിട്ടില്ല. പ്രതികളുടെ വീട്ടിലും സഹോദരിമാർ താമസിക്കുന്ന അവരുടെ ഭർത്താക്കന്മാരുടെ വീട്ടിലും പരിശോധന നടത്തിയതിലുള്ള മാനക്കേട് ഒഴിവാക്കാനാണ് പരാതി നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Mogral Puthur Robbery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.