കാസർകോട്: ഭർതൃമാതാവിനെ കഴുത്തുഞെരിച്ച് കൊന്ന കേസിൽ തിങ്കളാഴ്ച വിധിപറയും. തലയിണകൊണ്ട് മുഖമമർത്തിയും നൈലോൺ കയർ കഴുത്തിനുചുറ്റിയും കൊലപ്പെടുത്തിയ കേസിലാണ് വിധി. കമലാക്ഷന്റെ ഭാര്യ പി. അംബികയാണ് പ്രതി.
കാസർകോട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ. മനോജാണ് ഇവരെ കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. 2014 സെപ്റ്റംബർ 16നായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് രാത്രി കൊളത്തൂരിലെ ചേപ്പനടുക്കത്തെ വീടിന്റെ ചായ്പിൽ ഉറങ്ങുകയായിരുന്ന അമ്മാളുവമ്മയെ അംബിക കൊലപ്പെടുത്തുകയായിരുന്നു. ആത്മഹത്യയാണെന്ന് വരുത്താൻ മൃതദേഹം ചായ്പിൽ കെട്ടിത്തൂക്കുകയും ചെയ്തു എന്നാണ് കേസ്.
കേസിൽ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. അമ്മാളുവമ്മയുടെ പേരിലുള്ള സ്ഥലം വിറ്റ് പ്രതിയുടെ പേരിൽ സ്ഥലം വാങ്ങിയത് ചോദിച്ചതിലുള്ള വിരോധത്തെ തുടർന്നാണ് കൊല. പോസ്റ്റ് മോർട്ടം നടത്തി കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത് കണ്ണൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡോ. എസ്. ഗോപാലകൃഷ്ണപ്പിള്ളയായിരുന്നു.
ബേഡകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രാഥമികാന്വേഷണം നടത്തിയത് ബേഡകം സബ് ഇൻസ്പെക്ടറായിരുന്ന കെ. ആനന്ദനും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ആദൂർ ഇൻസ്പെക്ടറായിരുന്ന എ. സതീഷ്കുമാറാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ ഗവ. പ്ലീഡർ ഇ. ലോഹിതാക്ഷൻ, അഡ്വ. ആതിര എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.