ചെറുവത്തൂർ: വീട്ടുമുറിയെ സ്റ്റുഡിയോയാക്കി കൂട്ടുകാരികൾ ഒരുക്കുന്ന വാർത്തകൾ നാട്ടിലാകെ ഹിറ്റ്. കൂളിയാട് ഗവ. ഹൈസ്കൂൾ ആറാം ക്ലാസുകാരി കൃതിയ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് കെ ശ്രീ വിഷൻ ചാനൽ ജനങ്ങളിലേക്ക് എത്തുന്നത്. സ്കൂൾ വിശേഷങ്ങളും നാട്ടുവിശേഷങ്ങളും വിഡിയോ വാർത്തകളിലൂടെ പങ്കുവെക്കുന്നു. അഞ്ചാമത്തെ വാർത്തയുടെ ഒരുക്കത്തിലാണ് ഇപ്പോൾ. ഭാഷാപഠനത്തിന്റെ സാധ്യത എന്നതരത്തിൽ വാർത്താവായനയെ കാണുന്നതിനാൽ മലയാള വാർത്തക്കൊപ്പം ഹിന്ദി അടക്കമുള്ള വിഷയങ്ങളിൽ പ്രത്യേക വാർത്ത ബുള്ളറ്റിനുകൾ കൃതിയയും കൂട്ടുകാരി ശ്രീലക്ഷ്മിയും ഒരുക്കുന്നുണ്ട്. സ്കൂളിലെയും നാട്ടിലെയും പ്രധാന വിശേഷങ്ങൾ വാർത്തകളായി കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുകവഴി പ്രധാന വിഷയങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുകയാണ് ഈ കുരുന്നുകൾ. വയനാട് പ്രകൃതി ദുരന്തത്തിനുശേഷം തയാറാക്കിയ വാർത്തയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ ചെറുസമ്പാദ്യം കൈമാറുന്നതോടൊപ്പം എല്ലാവരെയും അത്തരത്തിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ മിടുക്കികൾ.
ഗവ. എൽ.പി സ്കൂൾ ചെറിയാക്കരയിൽ പഠനം തുടരുന്ന വേളയിൽ രണ്ടാം ക്ലാസ് മുതൽ ഫ്രൻഡ്സ് ന്യൂസ് വിഷൻ എന്നപേരിൽ സ്വന്തമായി വാർത്താചാനൽ ഒരുക്കി വാർത്ത അവതരണം ശീലമാക്കിയ കൃതിയ കോവിഡ് കാലത്ത് പഞ്ചായത്തിന്റെ മാഷ് റേഡിയോ വാർത്ത വായനയിലൂടെയും ശ്രദ്ധനേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.