മൊഗ്രാൽ: ദേശീയപാത വികസനത്തിന്റെ ഇരയായ പെറുവാഡുകാർക്ക് ബസ് സ്റ്റോപ്പിൽ ഇറങ്ങി റോഡ് മുറിച്ചു കടക്കാൻ രണ്ടു കിലോമീറ്റർ നടക്കണം. ദേശീയപാത വികസനത്തോടനുബന്ധിച്ചു ബസ് അടക്കമുള്ള മുഴുവൻ വാഹനങ്ങളും മൊഗ്രാൽ ടി.വി.എസ് റോഡ് മുതൽ മാവിനകട്ട വരെയുള്ള മൂന്ന് കിലോമീറ്ററിൽ ഇപ്പോൾ സഞ്ചാരം ദേശീയ പാതക്ക് ഇരുവശമുള്ള സർവിസ് റോഡിലൂടെയാക്കി മാറ്റിയിരിക്കുന്നു.
ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് തിങ്കളാഴ്ച രാവിലെ ഗതാഗതം തിരിച്ചുവിട്ടത്. സർവിസ് റോഡ് വീതികുറഞ്ഞതുകാരണം വൺവേ ആയി മാത്രമേ ഇതിലേ വാഹനങ്ങൾക്ക് പോകാൻ കഴിന്നുള്ളു. പെറുവാട്ടുള്ള ലിമിറ്റഡ് സ്റ്റോപ് ബസ് സ്റ്റോപ് ഇപ്പോൾ രണ്ടു ഭാഗത്തുമായി കിടക്കുകയാണ്.
പ്രധാന ഹൈവേ അടച്ചിട്ടതിനാൽ ഒരു ഭാഗത്തുള്ളവർക്ക് മറ്റേ ഭാഗത്തേക്ക് കടന്നു ചെല്ലാൻ ഇനി സാധ്യമല്ല. പടിഞ്ഞാറ് ഭാഗത്തുള്ള ഒരാൾക്ക് തെക്കുള്ള കാസർകോട് ബസിൽ പോകണമെങ്കിൽ ആദ്യം രണ്ട് കി.മി. വടക്കോട്ടുള്ള ബസിൽ കയറി കുമ്പള ഇറങ്ങി അവിടെ നിന്ന് മറ്റൊരു ബസിൽ കയറി വേണം കാസർകോട്ടേക്ക് പോകാൻ.
അതുപോലെ കിഴക്ക് ഭാഗത്തുള്ള ഒരാൾക്ക് വടക്കുള്ള മംഗളൂരുവിൽ ചെല്ലണമെങ്കിൽ ആദ്യം തെക്കോട്ടേക്കുള്ള ബസിൽ കയറി മൊഗ്രാലിൽ ഇറങ്ങണം. അവിടെ അടിപ്പാത കടന്ന് തിരിച്ച് മംഗളൂരുവിലേക്ക് മറ്റൊരു ബസിൽ കയറണം.
വികസനം വരുമ്പോളുള്ള സൗകര്യങ്ങൾ കൂടി എടുത്തു കളഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് പരാതി. ഇവിടെ അടിപ്പാത വേണമെന്ന ആവശ്യവുമായി നാട്ടുകാർ നടത്തിവരുന്ന അനിശ്ചിത കാല സമരം ആറുമാസം പിന്നിട്ടു.
ഈ അവസ്ഥ തുടർന്നാൽ റോഡ് തടയലും തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് ബഹിഷ്കരണവും അടക്കമുള്ള ശക്തമായ സമരപരിപാടികൾക്ക് ആലോചിക്കുകയാണെന്ന് പെറുവാഡ് അണ്ടർ പാസ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.