കൊറഗ കോളനികളിലെ വികസനത്തിന് സമഗ്രരേഖ

കാസർകോട്: ജില്ലയിലെ കൊറഗ കോളനികളിലെ വികസനത്തിന് സമഗ്ര പദ്ധതികൾ. ആദ്യഘട്ടമായി 154 കുടുംബങ്ങളുടെ വീട് അറ്റകുറ്റപ്പണി നടത്തും. ഇത് പരിശോധിക്കാൻ ജില്ലയില്‍ ആറ് അക്രഡിറ്റഡ് ഓവര്‍സിയർമാർക്ക് ചുമതല നല്‍കി.

ലൈഫ് മിഷനില്‍ വീടുകള്‍ക്ക് അപേക്ഷ നല്‍കിയവരുടെ രേഖകള്‍ പരിശോധിച്ച് പഞ്ചായത്തുതല ഭരണസമിതികൾ ജില്ല കലക്ടര്‍ക്ക് വിവരം നല്‍കുന്ന മുറക്ക് അപേക്ഷ പരിഗണിക്കും. ഏഴ് കുടുംബങ്ങളുടെ വീടുകള്‍ ഉടന്‍ വൈദ്യുതി അറ്റകുറ്റപ്പണി നടത്തും.

ഇതിനായി എസ്റ്റിമേറ്റ് തയാറാക്കും. കൊറഗ വിഭാഗത്തില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അസാപ്, എന്‍.ടി.ടി.എഫ് അക്കാദമി ഓഫ് മീഡിയ ആന്‍ഡ് ഡിസൈന്‍, വെള്ളിക്കോത്ത് റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ നേതൃത്വത്തില്‍ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കി ജോലി ഉറപ്പാക്കും.

കോളനികളിലേക്കുള്ള കുടിവെള്ളവും പദ്ധതിയിലൂടെ ഉറപ്പാക്കും. പദ്ധതികള്‍ നടപ്പിലാക്കാന്‍ അടിയ -പണിയ പാക്കേജില്‍ നിന്നും കണ്‍സര്‍വേഷന്‍ കം ഡെവലപ്‌മെന്റിൽനിന്നും തുക അനുവദിക്കും. പട്ടികവര്‍ഗ വികസന വകുപ്പ് ആവിഷ്‌കരിച്ച പദ്ധതികള്‍ക്ക് ഈ വര്‍ഷം തുടക്കമാകും.

നേരത്തെ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീർ ചന്ദ് കൊറഗ കോളനികൾ സന്ദര്‍ശിച്ച് വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ വിവിധ വകുപ്പുകളോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോളനികളില്‍ നടപ്പാക്കേണ്ട വികസന പദ്ധതികൾ തയാറാക്കിയതെന്ന് ജില്ല പട്ടിക വര്‍ഗ വികസന ഓഫിസര്‍ എം. മല്ലിക പറഞ്ഞു. അടുത്ത ജില്ലതല വര്‍ക്കിങ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത് പദ്ധതികള്‍ ഉടന്‍ നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

Tags:    
News Summary - Outline for Development in Koraga Colonies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.