ശ്രദ്ധിക്കുക; കുട്ടികളിലും കോവിഡ്​ പടരുന്നു

കാസർകോട്​: കോവിഡ്​ കുത്തനെ കുതിക്കുന്ന വേളയിൽ കുട്ടികൾക്കും വ്യാപകമായി ബാധിക്കുന്നതായി കണ്ടെത്തൽ. കാസർകോട്​ ജില്ലയിൽ മൂന്നാഴ്​ചയിലെ കോവിഡ്​ രോഗബാധിതരിൽ നടത്തിയ പഠനത്തിലാണ്​ ഞെട്ടിക്കുന്ന വിവരം. ​ മൊത്തം കോവിഡ്​ രോഗികളിൽ 19 ശതമാനം രണ്ടിനും പത്തിനും ഇടയിലുള്ള കുട്ടികൾക്കാണ്​. ഗൗരവ സാഹചര്യം കണക്കിലെടുത്ത്​ കുട്ടികള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന്​ ജില്ല കലക്​ടർ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിർദേശിച്ചു.

ആഗസ്​റ്റ് ഒന്ന് മുതല്‍ 21 വരെയുള്ള ദിവസങ്ങളിലെ കോവിഡ് രോഗബാധിതരിലെ വിവിധ വിഭാഗങ്ങളിലെ 5055 പേരുടെ സാമ്പിളുകളാണ്​ പഠനവിധേയമാക്കിയത്​. കുട്ടികളും കൗമാരക്കാരുമാണ്​ ഏറ്റവും കൂടുതൽ രോഗ ബാധിതരായതെന്ന്​ പഠനം ചൂണ്ടിക്കാട്ടുന്നു. ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരായത് 18-21 വിഭാഗത്തിലാണ്- 388 പേര്‍. അതായത്​ 28 ശതമാനം. രണ്ടിനും പത്ത് വയസ്സിനുമിടയിലെ 265 പേരും (19 ശതമാനം) 11നും 14നുമിടയിലെ 303 പേരിലും (22ശതമാനം) പേർക്കും രോഗം ബാധിച്ചു. 15-17 വയസ്സിനിടയിലെ 306 പേര്‍ക്കും 22-26 വയസ്സിനിടയിലെ 108 പേര്‍ക്കും കോവിഡ് ബാധിച്ചു. 27 വയസ്സിന് മുകളില്‍ ഒരു ശതമാനത്തിന് മാത്രമാണ് (13 പേര്‍) കോവിഡ് ബാധിച്ചത്.

തൊഴിലാളികളിൽ 1029 പേർക്കാണ്​ രോഗം ബാധിച്ചത്​- 20.4 ശതമാനം. തൊഴിലാളികള്‍, വ്യാപാരികള്‍ എന്നിവര്‍ക്കിടയിലും രോഗവ്യാപനം കൂടുതലാണ്. വിവിധ പ്രായങ്ങളിലുള്ളവരില്‍ തൊഴില്‍ മേഖലകള്‍ തിരിച്ചാണ്​ സാമ്പിളുകൾ പരിശോധിച്ചത്​. തിരഞ്ഞെടുക്കപ്പെട്ട സാമ്പിളുകളില്‍ 27.4 ശതമാനം കുട്ടികളും കൗമാരക്കാരും യുവാക്കളും ഉള്‍പ്പെട്ട വിഭാഗമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും രോഗപ്പകര്‍ച്ചക്ക് കാരണമാകുന്നതായാണ് കണ്ടെത്തൽ. പൊതുയിടങ്ങളില്‍ നിന്നും കുട്ടികള്‍ രോഗവാഹകരാകുന്നതുവഴി വീടുകളില്‍ കഴിയുന്ന പ്രായം ചെന്നവരിലുള്‍പ്പെടെ രോഗബാധയുണ്ടാകാന്‍ സാധ്യതയേറുന്നു. അധ്യയനം മുഴുവന്‍ ഓണ്‍ലൈനാക്കിയിട്ടും കുട്ടികള്‍ക്കിടയില്‍ കോവിഡ് പടരുന്നത് ഗൗരവത്തോടെ കാണണമെന്നും ട്യൂഷന്‍ ഉള്‍പ്പെടെയുള്ളവ ഓഫ്‌ലൈനായി നടത്താന്‍ പാടില്ലെന്നും മാനദണ്ഡം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.


Tags:    
News Summary - pay attention; covid is also spread in children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.