കാസർകോട്: ജില്ലയിൽ വനംവകുപ്പിനു നഷ്ടപ്പെടുന്ന ഭൂമിക്ക് പകരം റവന്യൂ ഭൂമി നൽകി മലയോരപാത നിർമാണത്തിനുള്ള തടസ്സം നീങ്ങുന്നു. ഭൂമി പരസ്പരം കൈമാറുന്നതിനുള്ള നിർദേശം ഇരുവകുപ്പുകളും അംഗീകരിച്ചതോടെ മുടങ്ങിക്കിടക്കുന്ന പാത നിർമാണം ഉടൻ തുടങ്ങും. 4.332 ഹെക്ടർ ഭൂമിയാണ് ഇരുവകുപ്പുകളും തമ്മിൽ കൈമാറുന്നത്. മലയോരപാത കടന്നുപോകുന്ന എടപ്പറമ്പ-കോളിച്ചാല്‍ ഭാഗത്തെ വനംവകുപ്പിെൻറ 4.332 ഹെക്ടർ ഭൂമിയാണ് വിട്ടുനൽകുന്നത്. ഇതിനുപകരമായി ഹോസ്ദുർഗ് താലൂക്കിലെ അമ്പലത്തറ വില്ലേജിലെ 4.33 ഹെക്ടര്‍ റവന്യൂ ഭൂമി വനം വകുപ്പിനും കൈമാറും.
കാസർകോട് ജില്ലയിൽ നന്ദാരപദവ് മുതൽ ചെറുപുഴ ഭാഗം വരെ 127.420 കിലോമീറ്ററിലാണ് മലയോരപാത കടന്നുപോകുന്നത്. ഇതില്‍ എടപ്പറമ്പ മുതൽ കോളിച്ചാല്‍ വരെയും കോളിച്ചാൽ മുതൽ ചെറുപുഴവരെയുമുള്ള ഭാഗം വനംഭൂമിയിലൂടെയാണ് കടന്നുപോകേണ്ടത്. ഇതിന് 4.332 ഹെക്ടർ ഭൂമി വനംവകുപ്പിേൻറത് ഏറ്റെടുക്കേണ്ടിയിരുന്നത്. 2018 ആഗസ്റ്റില്‍ ആരംഭിച്ചതാണ് 85 കോടിയുടെ എടപറമ്പ-കോളിച്ചാല്‍ റീച്ച്. 95 കോടിയാണ് കോളിച്ചാല്‍-ചെറുപുഴ റീച്ചിെൻറ എസ്റ്റിമേറ്റ് തുക. ഇതില്‍ പള്ളഞ്ചി-ഒന്ന്, പള്ളഞ്ചി-രണ്ട് എന്നിവിടങ്ങളില്‍ പുതിയ പാലവും വേണം. ഈ റീച്ചില്‍ വനം വകുപ്പിെൻറ അനുമതി വേണ്ടാത്ത ഭാഗത്തെ 90 ശതമാനവും പ്രവൃത്തിയും പൂർത്തീകരിച്ചു. വനംഭൂമി ലഭ്യമല്ലാത്തതിനാൽ പാത നിർമാണം തടസ്സപ്പെട്ടു. വനംവകുപ്പുമായി പലതവണ പൊതുമരാമത്ത്- റവന്യു വകുപ്പുകൾക്കുവേണ്ടി ജില്ല കലക്ടർ ചർച്ച നടത്തി. വനംവകുപ്പിന് പകരം നൽകാനായി പലയിടത്തും ഭൂമിക്കായി അന്വേഷണവും നടത്തി.
വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടി വില്ലേജിലെ ചമ്മാടന് കാവിലെ 54.77 ഏക്കര്‍ ഭൂമി വനം വകുപ്പിന് നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, പിന്നീട് ഹോസ്ദുര്‍ഗ് താലൂക്കിലെ അമ്പലത്തറ വില്ലേജിലെ 4.33 ഹെക്ടര്‍ റവന്യൂ ഭൂമി വനം വകുപ്പിന് കൈമാറാന്‍ ജില്ല ഭരണകൂടം തീരുമാനിച്ചു. സി.എച്ച്. കുഞ്ഞമ്പു കലക്ടറുടെ ചേംബറിൽ വിളിച്ചുചേർത്ത യോഗത്തിൽ ഈ കൈമാറ്റ ഉടമ്പടി റവന്യു-വനംവകുപ്പുകൾ അംഗീകരിക്കുകയും ചെയ്തു.
വനം വകുപ്പിെൻറ അനുമതിക്കായി സമര്‍പ്പിക്കുന്ന പരിവേഷ് പോര്‍ട്ടലില്‍ വനം വകുപ്പിന് പകരം ഭൂമി വിട്ടു നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഈ വിവരം പൊതുമരാമത്ത് വകുപ്പ് അപ്ലോഡ് ചെയ്യുകയും ചെയ്തു. കൈമാറുന്ന ഭൂമിയിൽ വനംവകുപ്പിെൻറ മേൽനോട്ടത്തിൽ മരംമുറിയും ഇനി നടക്കണം. പകരം ഭൂമിയായതോടെ വനംവകുപ്പിെൻറ അന്തിമാനുമതി ഉടൻ ലഭിക്കുമെന്നും പ്രവൃത്തിയും തുടങ്ങുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചതായി സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.