തട്ടിക്കൂട്ട് റോഡ് പണി; വിജിലൻസ് റിപ്പോർട്ട് ഉടൻ സമർപ്പിക്കും

കാസർകോട്: ജില്ലയിലെ റോഡ് നിർമാണത്തിലെ തട്ടിക്കൂട്ട് സംബന്ധിച്ച് വിജിലൻസ് അന്വേഷണ റിപ്പോർട്ട് അടുത്ത ദിവസം വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും. ജില്ലയിലെ റോഡ് നിർമാണത്തിലെ ആരോപണങ്ങൾ ശരിവെക്കുന്നതാണ് വിജിലൻസ് റിപ്പോർട്ട്.

റോഡ് നിർമാണത്തിന് ആവശ്യമായ ടാർ, കല്ല് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ കുറവാണ് അന്വേഷണത്തിൽ പ്രധാനമായും കണ്ടെത്തിയത്. വിജിലൻസ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് ജില്ലയിലെ റോഡുകളിൽ പരിശോധന നടത്തിയത്. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനകളുടെ ഭാഗമായി ജില്ലയിലെ ആറു റോഡുകളാണ് സംഘം പരിശോധിച്ചത്.

നിർമാണം പൂർത്തിയാക്കി ആറുമാസം തികയുന്നതിനു മുമ്പേ റോഡുകൾ തകരുന്നതായി പരിശോധനയിൽ വ്യക്തമായി.

കോടോം ബേളൂർ ഏഴാം മൈൽ- എണ്ണപ്പാറ റോഡ്, പൊതുമരാമത്ത് റോഡുകളായ ആനക്കല്ല്-പൂക്കയം-മാലക്കല്ല് റോഡ്, ചാലിങ്കാൽ-വെള്ളിക്കോത്ത് റോഡ്, കുമ്പള പഞ്ചായത്തിലെ ആരിക്കാടി-പി.കെ.നഗർ റോഡ്, ഫിഷ് മാർക്കറ്റ്-കുമ്പള സ്കൂൾ റോഡ്, ചൗക്കി-ഉളിയടത്തടുക്ക റോഡ് എന്നിവയാണ് വിജിലൻസ് സംഘം എൻജിനീയർമാരുടെ സഹായത്തോടെ പരിശോധിച്ചത്. ജില്ല പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ അധീനതയിലുള്ള റോഡുകളാണ് ഇവയിലധികവും.

നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ ഉപയോഗിക്കുന്നതിൽ വലിയ വ്യത്യാസം കരാറുകാർ നടത്തിയെന്നാണ് പരിശോധനയിൽ വ്യക്തമായത്.

നിർമാണത്തിന് അനുവദിച്ച ഫണ്ട് റോഡിൽ ഉപയോഗിക്കുന്നില്ലെന്ന പരാതികൾ നിലനിൽക്കുന്നതിനിടെയാണ് കൃത്രിമം വിജിലൻസ് തന്നെ കണ്ടെത്തുന്നത്.

Tags:    
News Summary - road work; Vigilance report will be submitted soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.