കാഞ്ഞങ്ങാട്: ഭിന്നശേഷി കുട്ടികൾക്ക് 33 വർഷമായി തണലൊരുക്കി കാഞ്ഞങ്ങാട് മാവുങ്കാൽ ആനന്ദാശ്രമത്തെ റോട്ടറി എം.ബി.എം ചാരിറ്റബിൾ ട്രസ്റ്റ്. മൂന്ന് പതിറ്റാണ്ടിനിടെ നാന്നുറോളം ഭിന്നശേഷിക്കാരെ കൈപിടിച്ചുകയറ്റിയ ഈ സ്കൂളിൽ നിലവിൽ 150 പേർ ഉണ്ട്. ജീവിതത്തിൽ തിരിഞ്ഞ് നോക്കാനാരുമില്ലാതെ വീടിന്റെ അകത്തളങ്ങളിൽ വീർപ്പുമുട്ടി കഴിയേണ്ടിവരുമായിരുന്ന ഒരു വിഭാഗത്തിന് ജീവിക്കാൻ പ്രേരണയും സന്തോഷവും നൽകാൻ ഈ സ്ഥാപനത്തിന് കഴിയുന്നുണ്ടെന്ന് വിദ്യാലയത്തിലെ പ്രധാനാധ്യാപിക ബീന സുകു പറഞ്ഞു.
നാലു മുതൽ 42 വയസ്സ് വരെയുള്ളവർ ഇവിടെയുണ്ട്. പ്രായം 40 കഴിയുമ്പോഴും മനസ്സ് പ്രായമാകാത്തവരെ ഇവിടെ ചേർത്തു നിർത്തുന്നു. എഴുത്തും വായനക്കുമപ്പുറം തൊഴിൽ മേഖലകളിൽ പ്രാപ്തരാക്കുന്നതിനും മുൻഗണന നൽകുന്നു. 1992ൽ പഴയ ജില്ല ആശുപത്രിക്ക് സമീപമായിരുന്നു തുടക്കം. കാഞ്ഞങ്ങാട്ടെ പൗരപ്രമുഖനായിരുന്ന പരേതനായ എം.ബി. മൂസ ആനന്ദാശ്രമത്തിനടുത്ത് രണ്ട് ഏക്കറോളം സ്ഥലം സൗജന്യമായി നൽകിയതിനെ തുടർന്ന് ആവർഷം തന്നെ ഇങ്ങോട്ടേക്ക് മാറി.
15 കുട്ടികളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. 12 ടീച്ചർമാരും 12 ജീവനക്കാരുമുണ്ട്. സർക്കാറിൽനിന്ന് കാര്യമായ സഹായം കിട്ടാത്തപ്പോഴും ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്കൂൾ ഭംഗിയായി നടത്തിപ്പോകുന്നു. ഉച്ചഭക്ഷണം മാത്രമാണ് സർക്കാറിന്റേതായി കിട്ടുന്നത്.
മുൻ വർഷങ്ങളിൽ ചെറിയ തോതിൽ ഗ്രാന്റ് ലഭിച്ചിരുന്നു. ഈ വർഷം അതും ലഭിച്ചില്ല. സർക്കാർ സഹായം കൂടി ലഭിച്ചാൽ ഭൗതിക വെല്ലുവിളികൾ നേരിടുന്ന ഇവർക്ക് കൂടുതൽ ആശ്വാസമായേനെ. നാഷനൽ ഒളിബിക്സിൽ ഇവിടത്തെ രണ്ട് വിദ്യാർഥികൾ മെഡൽ നേടി. ഹാൻഡ് ബാളിൽ ഒരാൾ സ്വർണം നേടി.
വോളിബാളിൽ വെങ്കലവും കിട്ടി. മെഡിക്കൽ കവർ നിർമാണം, ഫിനോയിൽ നിർമാണം, ടൈലറിങ്ങിൽ പരിശീലനം ഉൾപ്പെടെ നടത്തുന്നു. ഇവർ നിർമിക്കുന്ന സാധനങ്ങൾ വിൽപന നടത്തി കിട്ടുന്നതുക ഇവരുടെ അക്കൗണ്ടുകളിൽ തന്നെ നിക്ഷേപിക്കുന്നു. സാമൂഹിക നീതി വകുപ്പ് നടത്തി വരുന്ന കലാമത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചു. ഇവരെ മുഖ്യധാരയിൽ ഉയർത്തിക്കൊണ്ട് വരുന്നതിൽ ടീച്ചർമാരും ജീവനക്കാരും നൽകുന്ന സേവനം വാക്കുകൾക്കപ്പുറത്താണ്.
കാഞ്ഞങ്ങാട് റോട്ടറി ക്ലബിന്റെ എല്ലാ സഹായവും എന്നുമുണ്ട്. അന്തരിച്ച ആനന്ദാശ്രമത്തിലെ സച്ചിതാനന്ദ സ്വാമി ഈ സ്ഥാപനത്തെ നിലനിർത്താൻ നടത്തിയ പരിശ്രമം വളരെ വലുതാണ്. ഇപ്പോഴത്തെ ആശ്രമം സ്വാമി മുക്താനന്ദയും സഹായം നൽകിവരുന്നു. സർക്കാർകൂടി കനിഞ്ഞാൽ ഈ മാതൃക സ്ഥാപനത്തെ കൂടുതൽ വളർച്ചയുടെ പാതയിൽ നയിക്കുമെന്ന് ഇവരുടെ രക്ഷിതാക്കളുടെ സംഘടനയായ പേയ്ഡ് ജില്ല പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.