നീലേശ്വരം: കനത്തമഴയിൽ നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറത്തും മടിക്കൈ പഞ്ചായത്തിലെ എരിക്കുളത്തും പച്ചക്കറി കൃഷി വെള്ളത്തിനടിയിലായി. ഏക്കർ കണക്കിന് കൃഷി ചെയ്ത പച്ചക്കറിത്തൈകളാണ് വെള്ളത്തിൽ മുങ്ങിയത്.
വിഷു വിപണി ലക്ഷ്യമിട്ടാണ് കർഷകർ പച്ചക്കറി കൃഷി ആരംഭിച്ചത്. മടിക്കൈ പഞ്ചായത്തിലെ 30ഓളം ഏക്കർ വയലിൽ ചെയ്ത കൃഷിയാണ് കാലം തെറ്റി വന്ന മഴയിൽ മുങ്ങിയത്. വിത്ത് നട്ട് മുള വന്നപ്പോൾ ചെറിയ വളമിട്ട് കൈമണ്ണ് നൽകിയ സമയത്താണ് വയലുകളിൽ വെള്ളം കയറിയത്. വെള്ളം തളംകെട്ടി നിൽക്കുന്നതുമൂലം ചെറിയ ചെടികൾ ചീഞ്ഞനിലയിലാണ്. എരിക്കുളത്തെ 70ഓളം കർഷകരാണ് ദുരിതമനുഭവിക്കുന്നത്.
വെള്ളരി, ചീര, പയർ, നമ്പൻ, കോവക്ക തുടങ്ങിയ കൃഷിയാണ് നശിക്കുന്നത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കർഷകർക്കുണ്ടായത്. നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം മുപ്പതിൽക്കണ്ടം വയലിലെ പച്ചക്കറി കൃഷിയും കനത്ത മഴയിൽ വെള്ളത്തിനടിയിലായി. ഇവിടെ പരമ്പരാഗത കർഷകർ വർഷത്തിൽ ഒരുതവണ നെൽകൃഷിയും നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലായി ജൈവപച്ചക്കറി കൃഷിയുമാണ് ചെയ്തുവരുന്നത്.
രണ്ടുദിവസമായി കാലം തെറ്റി പെയ്യുന്ന മഴയിൽ കർഷകരുടെ മുഴുവൻ പച്ചക്കറിയും പ്രതീക്ഷകൾ തകർത്ത് വെള്ളത്തിനടിയിലായി. വെള്ളരിക്ക, കക്കിരി, പയർ, ചീര എന്നിവ കൂടാതെ വിവിധയിനം നാടൻ പച്ചക്കറികളും ജൈവവള പ്രയോഗത്തിലൂടെ വിളയിച്ചെടുത്തിരുന്നു. ഉത്തരേന്ത്യയിൽനിന്ന് വരുന്ന ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവയും ചെണ്ടുമല്ലി, സൂര്യകാന്തി, ചോളം തുടങ്ങിയവയും പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കുകയും സമൃദ്ധമായി വിളവ് കിട്ടുകയും ചെയ്ത പാടശേഖരമാണ്. രണ്ടു ദിവസമായി പെയ്യുന്ന മഴ നിരവധി കർഷകരുടെ പ്രതീക്ഷകളാണ് ഇല്ലാതാക്കിയത്.
ഇ. ചന്ദ്രശേഖരൻ എം.എൽ എ, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, വൈസ് പ്രസിഡന്റ് പി. പ്രകാശൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ശ്രീലത, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ എരിക്കുളത്തെ വയൽ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.