കുമ്പള : എസ്‌ഡിപിഐ കുമ്പള ആരിക്കാടി കടവത്തു ബ്രാഞ്ച് പ്രസിഡന്റ് സൈനുദ്ദീനു നേരെയുണ്ടായ കൊലപാതകശ്രമവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്ന കാര്യത്തിൽ പൊലീസ് നിസ്സംഗത കൈവെടിയണമെന്ന് എസ്‌ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കുമ്പള കോയിപ്പാടി കടപ്പുറത്തെ പത്തൊൻപതുകാരൻ ഷാക്കിറിനെ കുത്തിക്കൊന്നതടക്കം നിരവധി ക്രിമിനൽ കേസുകളുള്ള പ്രതികളുടെ നേതൃത്വത്തിൽ നടത്തിയ വധശ്രമം കുമ്പളയെ കലാപ ഭൂമിയാക്കാനുള്ള ഗൂഢാലോചനയാണെന്നും പ്രതികൾക്കു സംരക്ഷണം കൊടുക്കുന്നത് കുമ്പളയിലെ തന്നെ ഒരു രാഷ്ട്രീയപാർട്ടി നേതൃത്വമാണെന്നും എസ്‌ഡിപിഐ ആരോപിച്ചു.
ഈ രാഷ്ട്രീയ പാർട്ടിയുടെ സമ്മർദ്ദമാണ് പൊലീസിന്റെ നിഷ്ക്രിയത്വത്തിന് കാരണം. അഞ്ചു പേരാണ് വധശ്രമത്തിന് എത്തിയത്. ഒരു അപകടത്തെത്തുടർന്ന് മാസങ്ങളോളം വിശ്രമത്തിലായിരുന്ന സൈനുദീൻ വീട്ടിൽ നിന്നിനിറങ്ങിയതിന്റെ രണ്ടാം നാളിലാണ് വധശ്രമം ഉണ്ടായത്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്.
സൈനുദ്ദീൻ ആശുപത്രിയിലായിരിക്കുമ്പോൾ പൊലീസ് ആശുപത്രിയിലെത്തുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ആശുപത്രി വിട്ട് രണ്ട് ദിവസമായി വീട്ടിൽ വിശ്രമത്തിലാണ്. ചൊവ്വാഴ്ച വൈകുന്നേരം വരേയും പൊലീസ് എത്തുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു. ഈ കേസിൽ വലിയ വീഴ്ചയാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടാൻ തയ്യാറായില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ വിവിധ സമര പരിപാടികളുമായി മുൻപോട്ട് വരുമെന്നും നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.