ബദിയടുക്ക: ജില്ലയിൽ മലയോര മേഖലയിലെ രണ്ടു പഞ്ചായത്തുകളിലായി മിന്നൽ ചുഴലിയിൽ വ്യാപക നാശം. ബദിയടുക്ക, കുംബഡാജെ ഗ്രാമപഞ്ചായത്തുകളിൽ തിങ്കളാഴ്ച പുലർച്ചയുണ്ടായ ശക്തമായ ചുഴലിയിൽ നൂറിലേറെ മരങ്ങൾ കടപുഴകി. അഞ്ചു വീടുകൾ തകർന്നു. ആളപായമോ പരിക്കോ ഇല്ലെന്നതാണ് ഏക ആശ്വാസം.
തിങ്കളാഴ്ച പുലർച്ച മൂന്നോടെയാണ് നാടിനെ ആശങ്കയിലാക്കിയ സംഭവം. മഴക്കുപിന്നാലെ പൊടുന്നനെ ശക്തമായ കാറ്റടിക്കുകയായിരുന്നു. കുംബഡാജെ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിൽപെട്ട ഏത്തടുക്ക, അനന്ത മൂലെ, മല്ലാര എന്നിവിടങ്ങളിലെയും മൂന്നാം വാര്‍ഡിലെ പത്രോടിയിലെയും വീടുകളാണ് തകര്‍ന്നത്. വ്യാപക കൃഷിനാശവുമുണ്ടായി. മരം വീണാണ് വീടുകളെല്ലാം തകർന്നത്. വീടുകൾക്ക് മുകളിൽ പാകിയ ഷീറ്റുകൾ കിലോമീറ്ററുകൾ ദൂരേക്ക് പാറിപ്പോയി. രാത്രിയായതിനാലാണ് ആളപായമില്ലാതിരുന്നത്. ബദിയടുക്ക ഗ്രാമപഞ്ചായത്തിൽ മാന്യ പട്ടാജെയിലെ ഉദയകുമാർ ഭട്ടിന്റെ രണ്ടു നിലയുള്ള ഓടിട്ട വീട് മരം വീണ് തകർന്നു. ചുമരിന് വിള്ളലുണ്ടായി. വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ഉദയകുമാറും കുടുംബവും വൻശബ്ദം കേട്ടാണ് ഉണർന്നത്. ഇവരുടെ കവുങ്ങിൻ തോട്ടത്തിൽ വ്യാപക നാശമുണ്ട്. പട്ടാജെയിലെ സുബ്ബ നായകിന്റെ ഓടിട്ട വീടും തകർന്നു. ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി കൂറ്റൻമരങ്ങളാണ് ഒറ്റയടിക്ക് കടപുഴകിയത്. ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത, വാർഡ് അംഗം ശ്യാം പ്രസാദ്, പൊതുപ്രവർത്തകരായ ഖാദർ മാന്യ, ഹനീഫ ചെടേക്കാൽ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.
കുംബഡാജെയിൽ വിവിധയിടങ്ങളിലായി വലിയ മരങ്ങൾ വീണു. കവുങ്ങ്, വാഴ കൃഷിയും വ്യാപകമായി നശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ, പഞ്ചായത്തംഗം ജി.കൃഷ്ണ ശർമ, വില്ലേജ് ഓഫിസര്‍ എസ്. ലീല എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. നഷ്ടവിവരങ്ങൾ റവന്യൂ സംഘം ശേഖരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.