കാസർകോട്: കോവിഡ് കാലം സമ്മാനിച്ചതാണ് ഒാൺലൈൻ പഠനം. വിദേശ സർവകലാശാലകളിലെ ഒാൺലൈൻ കോഴ്സുകളെ കുറിച്ചാവും പലരും ആദ്യം കേട്ടുകാണുക. കഴിഞ്ഞവർഷം കോവിഡും തുടർന്ന് നാട് പൂട്ടിയിടുകയും ചെയ്തതോടെ നമ്മളും 'ഒാൺലൈനി'ലേക്ക് മാറി. അപൂർവം ചിലർ മാത്രമേ ഒാൺലൈൻ പഠനം ഗൗരവമായെടുത്തിട്ടുള്ളൂവെന്ന് അധ്യാപകർ പറയുന്നു. പ്രത്യേകിച്ച് പ്രൈമറി തലത്തിൽ. വാട്സ് ആപ് ഗ്രൂപ്പുകളിൽ ചെറിയ ചോദ്യങ്ങൾ നൽകി ഉത്തരം കണ്ടെത്തലും വർഷാവസാനം വർക്ക് ബുക്ക് പൂരിപ്പിച്ചുകൊടുക്കുന്നതിലുമൊതുങ്ങി പഠനം. ഇൗ വർഷമെങ്കിലും ക്ലാസ് മുറികളിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുട്ടികളും രക്ഷിതാക്കളും. ഒാൺലൈനിൽ വന്നവർ ക്ലാസുകൾ ലാഘവത്തോടെ കണ്ടെങ്കിലും അത് ലഭ്യമല്ലാത്ത അനേകം കുട്ടികൾക്ക് കടുത്ത ആശങ്കയാണ് കോവിഡ് കാലം സമ്മാനിച്ചത്. കാസർകോട് ജില്ലയിൽ ഒേട്ടറെ പേർക്ക് ഒാൺലൈൻ പഠനം അപ്രാപ്യമാണിന്നും.
പുതിയ അധ്യയന വർഷം ആരംഭിക്കുേമ്പാൾ ജില്ലയിലെ മലയോര മേഖലയിലും ചില കോളനികളിലുമായി 5000ത്തോളം കുട്ടികൾക്ക് ഒാൺലൈൻ പഠനം സാധ്യമല്ല. സ്കൂളുകൾ 'തുറക്കുേമ്പാൾ' ഇവർ കടുത്ത നിരാശയിലാണ്. ടെലിവിഷനും സ്മാർട്ട് ഫോണും ഇല്ലാത്തവർ. ഇനി നാട്ടുകാരും സന്നദ്ധ സംഘടനകളും ടി.വിയും സ്മാർട്ട് ഫോണും നൽകിയാലും മൊബൈൽ നെറ്റ്വർക്ക് ലഭ്യമല്ലാത്തവരാണിവർ. ഇൻറർനെറ്റ് സൗകര്യമില്ലാത്ത, സ്മാർട്ട് ഫോണും ടി.വിയുമൊന്നുമില്ലാത്ത 2660 കുട്ടികളുണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്. കണക്കുകളിൽ ഉൾപ്പെടാത്തവരും ഉണ്ടാവും.
2400ഒാളം പേർക്ക് സാംസ്കാരിക നിലയം, വായനശാലകൾ തുടങ്ങിയയിടങ്ങളിൽ ടെലിവിഷൻ ഒരുക്കിയിട്ടുണ്ട്. എന്നാൽ, ലോക്ഡൗൺ കാരണം ഇവർക്ക് ഇത്തരം കേന്ദ്രങ്ങളിൽ എത്താൻ കഴിയില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇവർക്ക് പഠനസൗകര്യം ഒരുക്കലും പ്രയാസം. ഇവർക്കായി ക്ലാസുകൾ ഡൗൺലോഡ് ചെയ്ത് ലാപ്ടോപ്പുമായി കോളനികളിലെത്തി കുട്ടികളെ കേൾപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പിെൻറ തീരുമാനം. ഇതിനായി അധ്യാപകരെയും നിയമിക്കും.
കഴിഞ്ഞവർഷം ആദ്യമായി ഒാൺലൈൻ ക്ലാസുകൾ വന്നപ്പോഴുണ്ടായ അങ്കലാപ്പ് ഇത്തവണയില്ല. ടി.വിയും സ്മാർട്ട് ഫോണും ഒന്നുമില്ലാത്തവർക്കായി 300ഒാളം പൊതുകേന്ദ്രങ്ങൾ സമഗ്ര ശിക്ഷ കേരള ഒരുക്കി. കുറേ കുട്ടികളെ ഉൾപ്പെടുത്തി എല്ലാവർക്കും സൗകര്യപ്രദമായ സ്ഥലത്താണ് ഇത്തരം കേന്ദ്രങ്ങൾ ഒരുക്കിയത്.
കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ കന്നഡ സംസാരിക്കുന്ന കുട്ടികൾക്കായി പ്രാദേശിക ചാനലുകളുടെ സഹായത്തോടെ ക്ലാസുകൾ നൽകി. കൈറ്റും ഡയറ്റും ചേർന്നാണ് ഇങ്ങനെ ക്ലാസുകൾ ഒരുക്കിയത്. ജില്ലയിലെ മലയോര മേഖലകളിൽ മൊബൈൽ നെറ്റ്വർക്ക് ലഭ്യമല്ല എന്നതാണ് വലിയ ഭീഷണി. ഇനി കവറേജ് ലഭിക്കുന്നവർക്ക് തന്നെ വളരെ കുറഞ്ഞ സ്പീഡാണ് ലഭിക്കുന്നത്. ഒാൺലൈൻ യുഗത്തിലും ഇക്കാര്യത്തിൽ ജില്ലയിലെ ഉൾപ്രദേശത്തുള്ളവർ സംതൃപ്തരല്ല.
കാസർകോട്: ജില്ലയിലെ 42 ഏകാധ്യാപക സ്കൂളുകൾ പൂട്ടുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഏകാധ്യാപക സ്കൂളുകൾ പൂട്ടുന്നതും കാസർകോട്ടാണ്.
കുമ്പള ഉപജില്ലയിലാണ് ഏറ്റവും കൂടുതൽ സ്കൂളുകൾ പൂട്ടുന്നത്- 21 എണ്ണം. കുമ്പളയിൽ ഇതിനു പുറമെ രണ്ട് സ്കൂളുകൾ ലയിപ്പിക്കുന്നുമുണ്ട്. ഫലത്തിൽ 22 സ്കൂളുകൾ ഇല്ലാതാവും. കാസർകോട് - നാല്, ഹോസ്ദുർഗ് നാല്, ബേക്കൽ-രണ്ട്, ചിറ്റാരിക്കാൽ- ആറ്, മഞ്ചേശ്വരം അഞ്ച് എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളിൽ പൂട്ടുന്ന ഏകാധ്യാപക വിദ്യാലയങ്ങളുടെ കണക്ക്. വനാന്തരങ്ങളിലും ആദിവാസി ഉൗരുകളിലും കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ഏകാധ്യാപക സ്കൂളുകൾ തുടങ്ങിയത്. ഒന്നുമുതൽ നാലുവരെയുള്ള കുട്ടികളെ ഒന്നിച്ചിരുത്തിയുള്ള പഠനമാണ് ഇവിടെ നടന്നത്. കേന്ദ്രസർക്കാർ സഹായത്തോടെയാണ് ഇവ ആരംഭിച്ചത്.
2009ൽ സ്കൂളുകൾക്കുള്ള ഫണ്ട് കേന്ദ്രം നിർത്തി. ഇതോടെ, സ്കൂൾ നടത്തിപ്പ് സംസ്ഥാന സർക്കാറിെൻറ ബാധ്യതയായി. വൻ സാമ്പത്തിക ബാധ്യത വന്നതോടെയാണ് മാറിച്ചിന്തിച്ചു തുടങ്ങിയത്. അധ്യാപകരിൽ ഭൂരിഭാഗവും സ്കൂൾ പൂട്ടണമെന്ന നിലപാടാണ്. അധ്യാപകരെ മറ്റിടത്തേക്ക് മാറ്റും.
ഏകാധ്യാപക സ്കൂളുകൾ പൂട്ടുേമ്പാൾ കുട്ടികളെ എട്ട് കിലോമീറ്റർ ദൂരെയുള്ള സ്കൂളിലേക്ക് വരെ മാറ്റുന്നു. ഇത് വലിയ കൊഴിഞ്ഞുപോക്കിന് ഇടയാക്കും. ചിറ്റാരിക്കാൽ ഉപജില്ലയിലെ ബളാൽ വാഴത്തട്ട് സ്കൂളിലെ കുട്ടികളെ എട്ട് കി.മീ ദൂരെ ജി.എൽ.പി.എസ് കൊന്നക്കടിയിലേക്കും വെസ്റ്റ് എളേരി മുടന്തേൻപാറ സ്കൂളിലെ കുട്ടികളെ എട്ട് കി.മീ ദൂരെ എളേരിത്തട്ട് എ.എൽ.പി.എസിലേക്കും മാറ്റും. ഇൗസ്റ്റ് എളേരി കുട്ടകുഴി സ്കൂളിലെ കുട്ടികളെ ഏഴു കി.മീ ദൂരേക്കാണ് മാറ്റുന്നത്.
അഞ്ച് കിലോമീറ്റർ അകലെയുള്ള സ്കൂളിലേക്കും മാറ്റുന്നുണ്ട്. കുമ്പള ഉപജില്ലയിലെ ബെല്ലൂരു കുലഡപ്പാറ സ്കൂളിലെ 21 കുട്ടികളെ നെട്ടണിഗെ ജി.ഡബ്ല്യു.എൽ.പി.എസിലേക്ക് മാറ്റും.
ബെല്ലൂരു കോട്ടിമൂല സ്കൂളിലെ 15 പേരെയും അഞ്ച് കി.മീ ദൂരെയുള്ള ബെല്ലൂർ ജി.എച്ച്.എസ്.എസിലേക്കു മാറ്റും. പുത്തിഗെ കളത്തൂർ സ്കൂളിലെ 31 പേരെ നാല് കി.മീ ദൂരെയുള്ള കൊടിയമ്മ ജി.എച്ച്.എസ്, ബേഡഡുക്ക ചെമ്പക്കാട് സ്കൂളിലെ 23 കുട്ടികളെ നാല് കി.മീ ദൂരെയുള്ള ബേഡഡുക്ക ജി.എൽ.പി.എസ്, മധൂർ ചേറ്റുംകുഴി സ്കൂളിലെ 35 പേരെ നാല് കി.മീ ദൂരെയുള്ള ജി.ഡബ്ല്യു.എൽ.പി.എസ് ഷിറിബാഗിലുവിലേക്കും ബേഡഡുക്ക കൊല്ലമ്പണ സ്കൂളിലെ 17പേരെ എ.യു.പി.എസ് മുന്നാടിലേക്കുമാണ് മാറ്റുക.
കാസർകോട് ഉപജില്ലയിൽ ചെങ്കള ബിലാൽ നഗർ സ്കൂളിലെ ഏഴുപേരെ അഞ്ച് കി.മീ ദൂരെയുള്ള ജി.എൽ.പി.എസ് എരിതിൻകടവ്, മൊഗ്രാൽപുത്തൂർ പെരിയടുക്ക സ്കൂളിലെ 16 പേരെ ജി.എൽ.പി.എസ് മൊഗ്രാൽ (നാല് കി.മീ ദൂരം), മുളിയാർ ആളൂർ സ്കൂളിലെ 41 േപരെ ജി.എൽ.പി.എസ് മുണ്ടക്കൈ, ഹോസ്ദുർഗ് ഉപജില്ലയിലെ പനത്തടി പാറക്കടവ് സ്കൂളിലെ 16 പേരെ പാണത്തൂർ ജി.ഡബ്ല്യു.എച്ച്.എസ് (നാല് കി.മീ ദൂരം) എന്നിവിടങ്ങളിലേക്ക് മാറ്റും. ഉദുമ പഞ്ചായത്തിലെ ഞെക്ലി, ബംഗാഡ് സ്കൂളുകളിലെ 26 കുട്ടികളെയും നാലും അഞ്ചും കി.മീ ദൂരെയുള്ള സ്കൂളിലേക്കാണ് മാറ്റുന്നത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.