കാസർകോട്: ബദിയടുക്ക അരമനയിൽ വാടകവീട്ടിൽ താമസിക്കുന്ന കുടുംബം ഇരുട്ടിലായത് അഞ്ചുദിവസം. പരാതികൾക്കൊടുവിൽ, കെ.എസ്.ഇ.ബി ബദിയടുക്ക സെക്ഷൻ എ.ഇ ഓഫിസിന്റെ വരാന്തയിൽ കുടുംബത്തെ കൂട്ടി പൊതുപ്രവർത്തകൻ സുബൈർ ബാപ്പാലിപ്പൊനം കുത്തിയിരുന്നതോടെ ഇതിന് ഫലംകണ്ടു. ബദിയടുക്ക പഞ്ചായത്ത് 12ാം വാർഡ് അരമനയിൽ താമസിക്കുന്ന സുജാതയുടെ വീട്ടിലാണ് അഞ്ചുദിവസം മുമ്പ് അണഞ്ഞ വൈദ്യുതി വ്യാഴാഴ്ച ഉച്ചയോടെ പുനഃസ്ഥാപിച്ചത്. വൈദ്യുതി നിലച്ചതോടെ സെക്ഷൻ ഓഫിസിൽ വിവരം നൽകിരുന്നു. ശക്തമായ മഴയെത്തുടർന്ന് എല്ലാസ്ഥലത്തും വൈദ്യുതി ലൈനുകൾ തകരാറായത് ബോധ്യമുള്ളതിനാൽ നേരിട്ടും ഫോൺ വിളിച്ചും ബന്ധപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ, എല്ലായിടത്തും വൈദ്യുതി എത്തിയങ്കിലും സുജാതയുടെ വീട്ടിൽമാത്രം എത്തിയില്ല. ഇത് പൊതുപ്രവർത്തകൻ സുബൈറിനോട് പറഞ്ഞിരുന്നു. ഓഫിസിലും എ.ഇ, ഓവർസിയർ എന്നിവരോടും പറഞ്ഞതിനെത്തുടർന്ന് ചൊവ്വാഴ്ച വൈകീട്ടോടെ ഓഫിസിൽനിന്ന് ലൈൻമാനെത്തി വീട്ടിലേക്കുള്ള സർവിസ് വയറാണ് പ്രശ്നം, അത് വാങ്ങിത്തരണമെന്ന് പറഞ്ഞു. ബുധനാഴ്ച രാവിലെതന്നെ വയർ വാങ്ങി വീട്ടുകാർ നേരിട്ട് ഓഫിസിലെത്തി പറഞ്ഞു.
രാത്രിവരെ ഓഫിസിൽ വിളിച്ചെങ്കിലും നന്നാക്കാൻ ആളെത്തിയില്ല. രാവിലെ വിളിച്ചപ്പോൾ ഫോൺ കട്ട് ചെയ്തു. പ്രാഥമിക ആവശ്യങ്ങൾക്കുപോലും തൊട്ടടുത്ത വീട്ടിലേക്കുപോകേണ്ട സാഹചര്യമായിരുന്നു. ഇതോടടെ സുബൈർ സുജാത, ഭർത്താവ് അജയകുമാർ എന്നിവരെ കൂട്ടി സെക്ഷൻ ഓഫിസറുടെ വരാന്തയിൽ കുത്തിയിരിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊതുപ്രവർത്തകൻ ബി.ഡി.കെ. ഹാരിസും കുത്തിയിരിപ്പ് സമരത്തിൽ പങ്കാളിയായി. രണ്ടു മണിയോടെ നന്നാക്കുമെന്ന് ഓഫിസർ അറിയിച്ചെങ്കിലും സമരം അവസാനിപ്പിക്കാതെ അവിടെയിരുന്നു. അതിനുശേഷമാണ് ജീവനക്കാർ വൈദ്യുതി പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.