കാസർകോട്: അഞ്ഞൂറിലേറെ ഹാജിമാരുള്ള ജില്ലയിൽ ഹജ്ജ് വളന്റിയർമാരില്ല. ഈ വർഷം സംസ്ഥാനത്തുനിന്നും സർക്കാർ മുഖേന ഹജ്ജിന് പോകുന്നവർക്കായി മക്കയിലും മദീനയിലും സേവനം ചെയ്യുന്നതിനായി സർക്കാർ ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തപ്പോഴാണ് ജില്ലയെ പൂർണമായും അവഗണിച്ചത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ 2023 മാർച്ച് 29ന് ഇറക്കിയ സർക്കുലറിൽ വളന്റിയർമാരെ നിയോഗിക്കുമ്പോൾ ജില്ലകൾക്ക് അർഹിക്കുന്ന വിഹിതം നൽകണം എന്ന് വ്യക്തമായി പറഞ്ഞിരുന്നു. അത് ലംഘിച്ചാണ് വളന്റിയർമാരരെ നിയോഗിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് നിന്നും 10331 ഹാജിമാർക്കാണ് ഈ വർഷം ഹജ്ജിന് അവസരം ലഭിച്ചത്. ഇവർക്ക് സേവനം ചെയ്യുന്നതിനായി വെയിറ്റിങ് ലിസ്റ്റുൾപ്പെടെ 39 ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുത്തത്. സംസ്ഥാനത്തെ 13 ജില്ലകളിലെയും ഉദ്യോഗസ്ഥരെ പരിഗണിച്ചപ്പോൾ കാസർകോട് ജില്ലയിൽ നിന്നും ഒരാളെപോലും പരിഗണിച്ചില്ല.
ജില്ലയിൽ നിന്നും പത്തിലധികം ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. 35 തീർഥാടകർ മാത്രമുള്ള പത്തനംതിട്ടയിൽനിന്ന് ഒന്നും 76 തീർഥാടകരുള്ള ഇടുക്കിയിൽനിന്ന് രണ്ടും 285 തീർഥാടകരുള്ള തിരുവനന്തപുരത്തുനിന്ന് അഞ്ചും 276 തീർഥാടകരുള്ള കൊല്ലത്തുനിന്ന് നാലും ഉദ്യോഗസ്ഥരെ നിയമിച്ചപ്പോൾ 527 ഹാജിമാരുള്ള കാസർകോടുനിന്നും ഒരാളെപ്പോലും നിയമിച്ചില്ല. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നോട്ടിഫിക്കേഷനിൽ എല്ലാ ജില്ലകൾക്കും പരിഗണന കൊടുക്കണമെന്ന് നിർദേശിച്ചിട്ടും മറ്റെല്ലാ ജില്ലകൾക്കും പ്രാതിനിധ്യം നൽകിയപ്പോൾ ഹാജിമാരുടെ എണ്ണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ജില്ലകളിലൊന്നായിട്ടും ജില്ലയെ അവഗണിച്ചതിൽ ഹാജിമാരിലും ഹജ്ജ് സേവനരംഗത്തുള്ളവരിലും കടുത്ത അതൃപ്തിയും നിരാശയുമുണ്ടാക്കിയിട്ടുണ്ട്. ആലപ്പുഴ 178, എറണാകുളം 729, കണ്ണൂർ 1122, കോട്ടയം 142, കോഴിക്കോട് 2341, മലപ്പുറം 3463, തൃശൂർ 393, വയനാട് 189, പാലക്കാട് 575 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ഹാജിമാരുടെ കണക്ക്. ജില്ലയിലെ ജനങ്ങളുടെ ഭാഷാപരമായ പ്രത്യേകത കണക്കിലെടുത്ത് വളന്റിയർമാരെ പരിഗണിക്കേണ്ടിയിരുന്നുവെന്നാണ് ആവശ്യം. കന്നട, തുളു ഭാഷകൾ സംസാരിക്കുന്നവരും ധാരാളം ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.