മൊഗ്രാൽ: ഇശലിന്റെയും ഫുട്ബാളിന്റെയും നാടിനഭിമാനിക്കാൻ ഒരുവാർത്ത കൂടി. മൊഗ്രാൽ സ്പോർട്സ് ക്ലബ് താരം (എം.എസ്.സി) എം.എൽ. ദിൽഷാദ് കൊൽക്കത്ത ഫുട്ബാൾ ലീഗിന്റെ പ്രീമിയർ ഡിവിഷനിൽ അരങ്ങേറ്റം കുറിച്ചു. ഒട്ടനവധി ദേശീയ, സംസ്ഥാന, ജില്ല ഫുട്ബാൾ താരങ്ങൾക്ക് ജന്മംനൽകിയ നാടാണ് മൊഗ്രാൽ. ഒപ്പം മാപ്പിളകവികളുടെയും നാട്. അതുകൊണ്ടുതന്നെയാണ് മൊഗ്രാലിനെ ഇശൽഗ്രാമമെന്നും ഫുട്ബാൾ ഗ്രാമമെന്നും അറിയപ്പെടുന്നത്.
ഇവിടെനിന്നാണ് ദിൽഷാദിന്റെ ഉയിർത്തെഴുന്നേൽപ്. ദിൽഷാദിന് ചെറുപ്രായത്തിൽ സ്കൂളിൽ പഠിക്കുമ്പോൾതന്നെ ഫുട്ബാളിനോടായിരുന്നു കമ്പം. പിന്നീട് മൊഗ്രാൽ സ്പോർട്സിന് ക്ലബിനുവേണ്ടി കളിച്ചു. കളിക്കളത്തിൽ മൈതാനം അടക്കിവാഴുന്ന നല്ലൊരു പ്ലേ മേക്കർ കൂടിയാണ് ദിൽഷാദ്. ദിൽഷാദിന്റെ കൊൽക്കത്ത അരങ്ങേറ്റം ആവേശത്തോടുകൂടിയാണ് ഫുട്ബാൾ ആരാധകർ കാണുന്നത്.
ദിൽഷാദ് നേരത്തെ ബാംഗ്ലൂർ യൂനിവേഴ്സിറ്റിക്ക് വേണ്ടി മൂന്നുതവണ ബൂട്ടണിഞ്ഞിട്ടുണ്ട്. ഒപ്പം കേരള പ്രീമിയർ ലീഗ്, ഗോകുലം എഫ്.സി, ബാസ്കോ ഒത്തുകൂങ്ങൽ, റിയൽ മലബാർ എഫ്.സി എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 2022ൽ സന്തോഷ് ട്രോഫി ക്യാമ്പുകളിൽ പങ്കെടുത്തു. സെവൻസ് ഫിഫ മഞ്ചേരി, എഫ്.സി പെരിന്തൽമണ്ണ, റിയൽ എഫ്.സി തെന്നൽ, റോയൽ ട്രാവൽ കോഴിക്കോട്, അൽമദീന ചെർപ്ലശ്ശേരി, എവൈസി ഉച്ചാരക്കടവ് എന്നീ ടീമുകളുടെ ഭാഗമായും ദിൽഷാദ് അരങ്ങേറ്റംകുറിച്ചിട്ടുണ്ട്. മൊഗ്രാലിലെ അറിയപ്പെടുന്ന ഫുട്ബാൾ കുടുംബാംഗത്തിൽനിന്നാണ് ദിൽഷാദിന്റെയും പിറവി. ഉപ്പൂപ്പ എം.എൽ. മുഹമ്മദ് മൊഗ്രാൽ സ്പോർട്സ് ക്ലബിന്റെ ആദ്യകാല ക്യാപ്റ്റൻമാരിൽ ഒരാളാണ്. ദിൽഷാദിന്റെ ബാപ്പ എം.എൽ. അബ്ബാസ് മൊഗ്രാൽ സ്പോർട്സ് ക്ലബിന്റെ റഫറിയും കോച്ചും ടീം മാനേജറുമൊക്കെയായി ഇപ്പോഴും കളിക്കളത്തിലുണ്ട്. മൊഗ്രാലിന്റെ ഫുട്ബാൾ പാരമ്പര്യം കാത്തുസൂക്ഷിക്കാനും ഇനിയും ദിൽഷാദ് ഉയരങ്ങളിലേക്ക് പറക്കട്ടെ എന്ന പ്രാർഥനയിലാണ് മൊഗ്രാൽ ഫുട്ബാൾ ഗ്രാമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.