കാസർകോട്: ടൈഫോയ്ഡ് ഉള്‍പ്പെടെയുള്ള ജലജന്യരോഗങ്ങളുടെ വ്യാപനസാധ്യത വര്‍ധിച്ചുവരുന്നതിനാല്‍ ശുചിത്വകാര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. ജില്ലയുടെ ചിലഭാഗങ്ങളില്‍ ടൈഫോയ്ഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ശരീരത്തിന്റെ വിവിധ അവയവങ്ങളെ ബാധിക്കുന്നതും ലോകവ്യാപകമായി കണ്ടുവരുന്നതുമായ ഒരു പകര്‍ച്ചവ്യാധിയാണ് ടൈഫോയ്ഡ്.
സാധാരണയായി ടൈഫോയ്ഡ് പകര്‍ത്തുന്ന ബാക്ടീരിയയായ സാല്‍മോണല്ല ടൈഫി വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. രോഗവാഹകരുടെ മലത്തില്‍ ഈ ബാക്ടീരിയ ധാരാളമായി കാണുന്നു. കുടിവെള്ളസ്രോതസ്സുകള്‍ മനുഷ്യവിസര്ജ്യവസ്തുക്കളാല് മലിനമാക്കപ്പെടുന്ന സാഹചര്യത്തിലാണ് രോഗവ്യാപനസാധ്യത വര്‍ധിക്കുന്നത്. ഭക്ഷണസാധനങ്ങളില്‍ വന്നിരിക്കുന്ന ഈച്ചകളും രോഗാണുവാഹകരായി മാറുന്നു.
ക്ഷീണം, വയറുവേദന, ക്രമേണ വർധിച്ചുവരുന്ന പനി, തലവേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കുടലില്‍ രക്തംവാര്ന്നുപോകല്, വൃക്ക തകരാര്‍ തുടങ്ങിയവ രോഗം സങ്കീര്‍ണമായാലുണ്ടാകുന്ന അവസ്ഥകളാണ്. ഈ സാഹചര്യത്തില്‍ രണ്ടു മുതല്‍ നാലാഴ്ചകള്ക്കുള്ളില് രോഗം മൂര്‍ച്ഛിക്കും. വിദഗ്ധ ചികിത്സ ലഭ്യമായില്ലെങ്കില്‍ മരണംവരെ സംഭവിക്കാന്‍ സാധ്യതയുള്ള രോഗംതന്നെയാണ് ടൈഫോയ്ഡ്.
തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുകയെന്നതാണ് രോഗം വരാതിരിക്കാനുള്ള പ്രധാന മുന്‍കരുതല്‍. വേണ്ടത്ര ശുചിത്വം പാലിക്കാത്ത സ്ഥലങ്ങളില്‍നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. പഴകിയതും മലിനമാക്കപ്പെട്ടതുമായ ഭക്ഷണസാധനങ്ങളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുന്നതിനൊപ്പം ഭക്ഷണസാധനങ്ങള്‍ അടച്ചുസൂക്ഷിക്കുക. കക്കൂസ് ഉപയോഗത്തിനുശേഷം കൈകാലുകള്‍ സോപ്പുപയോഗിച്ച് കഴുകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.