കാസർകോട്: മധുർ പട്ള സ്വദേശി പി.എ. അബ്ബാസിൽനിന്ന് 2000 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് അറസ്റ്റിലായ ജനറൽ ആശുപത്രിയിലെ അനസ്തറ്റിസ്റ്റ് ഡോക്ടർ വെങ്കിടഗിരിയെ സംരക്ഷിക്കുന്നത് ആരോഗ്യവകുപ്പും ഐ.എം.എയുമാണെന്ന് രണ്ട് ഡോക്ടർമാർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 25 വർഷത്തിലേറെയായി അദ്ദേഹം കാസർകോട് ജനറൽ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. സസ്പെഡ് ചെയ്യപ്പെട്ടിട്ടും പ്രമോഷൻ ലഭിച്ചിട്ടും അദ്ദേഹത്തിനു സ്ഥലംമാറ്റമുണ്ടായില്ല. വ്യാപകമായി കൈക്കൂലി വാങ്ങി കുപ്രസിദ്ധനായ ഇദ്ദേഹം അനസ്തറ്റിസ്റ്റ് സംഘടനയുടെ മുൻ ദേശീയ അധ്യക്ഷനായിരുന്നു.
മധൂർ പഞ്ചായത്തിലെ 26 കാരിയായ സരസ്വതി എന്ന സ്ത്രീക്ക് കൈക്കൂലി കൊടുക്കാത്തതിനാൽ ചികിത്സ നിഷേധിച്ചത് വിജിലൻസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചതാണ്. വകുപ്പ്തല നടപടിക്ക് ശിപാർശ ചെയ്യപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. ഡോ. വെങ്കിടഗിരിയെ വകുപ്പ് സംരക്ഷിക്കുകയായിരുന്നു. പാലക്കുന്ന് സ്വദേശിയായ അബ്ദുൽ ഖാദർ എന്ന 54 കാരൻ ഹെർണ്ണിയ ഓപറേഷന് കൈക്കൂലി കൊടുത്തപ്പോൾ അടുത്തദിവസം തന്നെ ഓപറേഷൻ നടന്നു.
അബ്ദുൽ ഖാദർ വിജിലൻസിൽ പരാതി നൽകി. വെങ്കിടഗിരി പിടിക്കപ്പെട്ടു. വകുപ്പ്തല അന്വേഷണത്തെ തുടർന്ന് സസ്പെൻഷനിലായി. സസ്പെൻഷനുശേഷം ആശുപത്രി വികസനസമിതി അദ്ദേഹത്തിന്റെ പേരിലുള്ള നടപടി വേഗം അവസാനിപ്പിക്കണമെന്ന അസ്വാഭാവികമായ തീരുമാനം എടുക്കുകയായിരുന്നു.
ഡോ. വെങ്കിടഗിരി കുറ്റക്കാരനാണെന്ന് കണ്ടെത്തി സർക്കാറിനോട് അച്ചടക്കനടപടി സ്വീകരിക്കാൻ മെമ്മോ നൽകിയെങ്കിലും നടപടിയുണ്ടായില്ല. പാറക്കട്ട സ്വദേശിയായ മുഹമ്മദ് ഷാസിബിനും കൈക്കൂലി നൽകാത്തതിന്റെ പേരിൽ ചികിത്സ നിഷേധിച്ചു. അന്നത്തെ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാമിന്റെ അന്വേഷണത്തിൽ ഡോ. വെങ്കിടഗിരി കൃത്യവിലോപം നടത്തിയതായി കണ്ടെത്തി സ്ഥലംമാറ്റണമെന്ന് ശിപാർശ ചെയ്തിരുന്നു. അതും എങ്ങുമെത്തിയില്ല. ഐ.എം.എ, കെ.ജി.എം.ഒ, ജില്ല മെഡിക്കൽ ഓഫിസ്, തിരുവനന്തപുരം ഡി.എച്ച്.എസ്, സെക്രട്ടേറിയറ്റ് എന്നിവ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ തണലിലാണെന്നും ഇവർ പറഞ്ഞു.
ഡോ. വെങ്കിടഗിരിയെ സർവിസിൽനിന്ന് നീക്കം ചെയ്യണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ഡോ.ടി.വി. പത്മനാഭൻ, ഡോ. എൻ. രാഘവൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.