കാസർകോട്: നവോദയ സ്കൂളുകളിൽനിന്ന് ഉയരുന്നത് വ്യാപക പരാതി. മിക്ക സ്കൂളുകളിൽനിന്നും വിദ്യാർഥികളോട് അവർക്ക് ആവശ്യമുള്ള ഡ്രസും ഷൂവും കിടക്കയുമടക്കം വാങ്ങാൻ ആവശ്യപ്പെട്ടെന്നാണ് ആരോപണം. പഴയതും തുരുമ്പിച്ചതുമായ കട്ടിലടക്കമാണ് വിദ്യാർഥികൾക്കായി ഒരുക്കിയതെന്നും ടൈൽ പാകാത്ത പഴയ റൂമുകളാണ് ഇപ്പോഴുമുള്ളതെന്നും ആക്ഷേപമുണ്ട്. വിദ്യാർഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾക്ക് കേന്ദ്ര സർക്കാറിന്റെ ഫണ്ട് ലഭ്യമാണെന്നിരിക്കെ, രക്ഷിതാക്കൾവഴി അവശ്യസാധനങ്ങൾ വാങ്ങിപ്പിക്കുന്നതെന്തിനാണെന്നാണ് ഇവർ ചോദിക്കുന്നത്. അതേസമയം, മഴക്കാലമായതുകൊണ്ടാണ് ഡ്രസ് അധികം വാങ്ങാൻ പറഞ്ഞതെന്നും ക്വട്ടേഷൻ കൊടുത്തത് കിട്ടാൻ താമസിക്കുന്നതുകൊണ്ടാണിതെന്നും ബന്ധപ്പെട്ടവർ ‘മാധ്യമ’ത്തോട് പറഞ്ഞു.
എന്നാൽ, രക്ഷിതാക്കൾ ഇങ്ങനെ വാങ്ങിയതിന്റെ ചെലവ് പിന്നീട് ഇവർക്ക് ലഭിക്കുകയുമില്ല. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ജവഹർ നവോദയ 1985ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ആരംഭിക്കുന്നത്. ചെറ്റച്ചൽ (തിരുവനന്തപുരം), കൊട്ടാരക്കര, കുളമാവ് (ഇടുക്കി), ചെന്നിത്തല (കോട്ടയം), വെച്ചൂച്ചിറ (പത്തനംതിട്ട), നേരിയമംഗലം (എറണാകുളം), മലമ്പുഴ, മായന്നൂർ (തൃശൂർ), ഊരകം (മലപ്പുറം), പാനൂർ (കണ്ണൂർ), വടകര-മണിയൂർ (കോഴിക്കോട്), പെരിയ (കാസർകോട്), പൂക്കോട് (വയനാട്) എന്നിവിടങ്ങളിലാണ് കേരളത്തിലെ നവോദയ സ്കൂളുകൾ.
റസിഡൻഷ്യലായതിനാൽ സ്കൂൾ ഹോസ്റ്റലിൽ താമസിച്ച് പഠിക്കണം. താമസം, ഭക്ഷണം, പുസ്തകങ്ങൾ, യൂനിഫോം തുടങ്ങി എല്ലാം സൗജന്യമാണെന്ന് പറയുന്നിടത്താണ് രക്ഷിതാക്കളോട് കുട്ടികൾക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ പറയുന്നതെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.