പടന്ന: റോഡ് പണിക്ക് കൊണ്ടുവന്ന ടാറിൽ വീണ ആട്ടിൻകുട്ടിക്ക് യുവതിയുടെ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടി. പടന്ന ഹൈസ്കൂളിന് സമീപമാണ് സംഭവം. ഇവിടെ റോഡ് പണി കഴിഞ്ഞ് ബാക്കിയുണ്ടായ ടാർ, വീപ്പ സ്വന്തമാക്കാൻ ആരോ റോഡരികിലെ പറമ്പിൽ ഒഴുക്കിക്കളഞ്ഞിരുന്നു. കടുത്ത വെയിലിൽ ഉരുകിയ ടാറിലാണ് തള്ളയാടിനൊപ്പം മേയാനെത്തിയ ആട്ടിൻകുട്ടി വീണത്.
ആട്ടിൻകുട്ടിയുടെ ദയനീയ കരച്ചിൽകേട്ട് ഓടിയെത്തിയ സമീപവാസിയായ സുബി ഡ്രൈവിങ് സ്കൂൾ ഉടമ സുബൈദ ടാറിൽ ഒട്ടിപ്പിടിച്ച് കിടന്ന ആട്ടിൻകുട്ടിയെ ഏറെ ശ്രമങ്ങൾക്കൊടുവിൽ പുറത്തെടുത്തു. എന്നാൽ, വയറിലും കാലിലും ടാർ ഒട്ടിപ്പിടിച്ചതിനാൽ ആട്ടിൻകുട്ടി അവശയായിരുന്നു. നിൽക്കുന്നിടത്ത് ഒട്ടിപ്പിടിക്കുന്ന അവസ്ഥയിൽനിന്ന് ഏറെ ശ്രമത്തിനിടെ കുറേയൊക്കെ ടാർ ദേഹത്തുനിന്ന് തുടച്ചുമാറ്റി.
കുരുന്നുകൾ പഠിക്കുന്ന അംഗൻവാടിക്ക് സമീപം ടാർ ഒഴുക്കിക്കളഞ്ഞ സാമൂഹികദ്രോഹികൾക്കെതിരെയും അശ്രദ്ധമായി ടാർ വീപ്പ ഉപേക്ഷിച്ചുപോയ കരാറുകാരനെതിരെയും നടപടി സ്വീകരിക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.