പടന്ന: സിയാദ് പാടുകയാണ്. ആൺ-പെൺ ശബ്ദങ്ങൾ ഒരേ കണ്ഠനാളിയിൽനിന്നും മനോഹരമായി പുറത്തുവരുമ്പോൾ കേൾവിക്കാർ ആശയക്കുഴപ്പത്തിലാകും. അത്ര മനോഹരമായാണ് സിയാദ് ഇരു ശബ്ദങ്ങളിൽ പാട്ടുപാടി ഫലിപ്പിക്കുന്നത്. വൃക്കരോഗിയായ സിയാദ് ആഴ്ചയിൽ രണ്ടുതവണ ഡയാലിസിന് വിധേയനാകുന്നുണ്ട്. ഈ വേദനക്കിടയിലും പാട്ടുമറക്കാൻ ഈ 37കാരൻ ഒരുക്കമല്ല.
പതിനേഴാം വയസ്സിൽ സിയാദ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ആൽബങ്ങളിലും കല്യാണപ്പാട്ട് മേഖലകളിലും നിറഞ്ഞുനിൽക്കുന്നതിനിടെ കഴിഞ്ഞ വർഷമാണ് വീണ്ടും അസുഖബാധിതനായത്. തുടർന്ന് ഡയാലിസിസ് ചെയ്യേണ്ടിവന്നു. എച്ച്.സി പോസിറ്റിവ് ആയതിനാൽ ചുറ്റുവട്ടത്തുള്ള ഡയാലിസിസ് കേന്ദ്രങ്ങളെ സിയാദിന് ആശ്രയിക്കാൻ കഴിയില്ല. അതിനാൽ കോഴിക്കോട്, പരിയാരം പോലുള്ള സ്ഥലങ്ങളിൽ പോയി തന്നെ ഡയാലിസിസ് ചെയ്യേണ്ടി വരും. ഇതിനിടയിൽ, തണലായിരുന്ന ഉപ്പയുടെ ആകസ്മിക മരണവും.
പക്ഷേ, ഒന്നിലും തളരാതെ കലാവൈഭവവുമായി ജീവിതത്തോട് പോരാടുകയാണ് സിയാദ്. അപ്രതീക്ഷിതമായി കിഡ്നി രോഗത്തിനിരയായി പരിയാരം മെഡിക്കൽ കോളജിൽ ഡയാലിസിസിന് എത്തുന്ന രോഗികളിൽ വാക്കും പ്രവൃത്തിയും കൊണ്ട് ഊർജം നിറച്ച് അവരെയും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു സിയാദ്.
ഇപ്പോൾ പലഹാര നിർമാണ രംഗത്തും ഒരുകൈ നോക്കാൻ ഇറങ്ങിയിരിക്കുകയാണ് ഈ യുവാവ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് ഇപ്പോൾ മുടങ്ങാതെ ഡയാലിസിസ് ചെയ്യുന്നത്.
പടന്ന റിഥം സ്റ്റുഡിയോ ഉടമ ടി.കെ. നൂറുദ്ദീനാണ് സിയാദിനെ ആഴ്ചയിൽ രണ്ടുതവണ പരിയാരത്തേക്ക് കൊണ്ടുപോകുന്നത്. എന്നാൽ, അപ്രതീക്ഷിതമായി പരിയാരം ആശുപത്രിയിലെ ഉപകരണങ്ങൾ പ്രവർത്തനരഹിതമാകുന്നത് തങ്ങളെപ്പോലുള്ള രോഗികളെ വല്ലാതെ വലക്കുന്നുവെന്ന് സിയാദ് പറയുന്നു. പലപ്പോഴും ഡയാലിസിസ് ചെയ്യാൻ ഇറങ്ങുമ്പോഴായിരിക്കും ഹോസ്പിറ്റലിൽ നിന്നും, ഉപകരണം പ്രവർത്തനരഹിതമാണ് എന്ന അറിയിപ്പ് വരുന്നത്. പിന്നെ കോഴിക്കോടോ കാസർകോേട്ടാ പോകേണ്ടിവരും. സ്ഥിരരോഗികൾ അല്ലാത്തതിനാൽ അവിടെ ഒരുദിവസം കഴിഞ്ഞായിരിക്കും അവസരം ലഭിക്കുക. അപ്പോഴേക്കും ശാരീരികമായി വല്ലാതെ അവശനാകും.
കിഡ്നി രോഗികൾക്ക് ഇതുണ്ടാക്കുന്ന പ്രയാസം ചെറുതല്ല.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ എച്ച്.സി പോസിറ്റിവ് ആയവരെ ഡയാലിസിസ് ചെയ്യുന്ന ഉപകരണങ്ങൾ ഇടക്കിടെ പണിമുടക്കുന്നത് ഒഴിവാക്കി പ്രശ്നത്തിന് ശ്വാശ്വത പരിഹാരം കാണാൻ അധികൃതരും ജനപ്രതിനിധികളും മുന്നിട്ടിറങ്ങണമെന്നാണ് സിയാദിന് അഭ്യർഥിക്കാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.