ക​വ്വാ​യി​ക്കാ​യ​ൽ

സോളാർ ബോട്ട്; കവ്വായിക്കായലിൽ പ്രതീക്ഷയുടെ ഓളങ്ങൾ

പയ്യന്നൂർ: പുതുതായി ആരംഭിക്കുന്ന സോളാർ ബോട്ട് സർവിസ് പദ്ധതിയിൽ കവ്വായിക്കായലിന് മുൻഗണന നൽകുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ നിവേദനത്തെ തുടർന്നാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതോടെ കായൽ വികസനത്തിൽ വീണ്ടും പ്രതീക്ഷയുടെ ഓളങ്ങൾ തെളിയുകയാണ്.

കേരളത്തിലെ വലിയ മൂന്നാമത്തെ കായലും ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയുമാണ് കവ്വായിക്കായൽ. കടലോരത്തിന് സമാന്തരമായി 21 കിലോമീറ്റർ നീണ്ടുകിടക്കുന്ന കായൽ കണ്ണൂർ, കാസർകോട് ജില്ലകളുടെ ജലസ്രോതസ്സുകൂടിയാണ്.

പെരുമ്പ, രാമപുരം, തേജസ്വിനി, നീലേശ്വരം, കുണിയൻ, കവ്വായി തുടങ്ങി ഏഴ് പുഴകളുടെ സംഗമ സ്ഥലമാണ് കവ്വായിക്കായൽ. 37 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന കവ്വായിക്കായലിൽ ധാരാളം ദ്വീപുകളുണ്ട്. വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ 40 കിലോമീറ്റർ നീളത്തിലാണ് കായൽ നീണ്ടുനിൽക്കുന്നത്.

കണ്ണൂർ, കാസർകോട് ജില്ലകളിലെ പത്തിലധികം തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയിൽ വ്യാപിച്ചുകിടക്കുന്ന കായൽ, ടൂറിസം രംഗത്തും വൻ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ അത്തരം സാധ്യതകളെ ഉപയോഗപ്പെടുത്താൻ സീ-കവായി പാസഞ്ചർ കം ടൂറിസ്റ്റ് സർവിസ് ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ടി.ഐ. മധുസൂദനൻ എം.എൽ.എ ഗതാഗത മന്ത്രി ആന്റണി രാജുവിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടത്.

കായലിന് രാംസർസൈറ്റ് പദവി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പ് നിരവധി ചർച്ചകളും പഠനങ്ങളും നടന്നുവെങ്കിലും യാഥാർഥ്യമായില്ല. എന്നാൽ, അടുത്തകാലത്തായി കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി കായൽ മാറിയിട്ടുണ്ട്.

Tags:    
News Summary - Kavwayi lake is the third largest reservoir in Kerala and the largest reservoir in North Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.