തിരുവനന്തപുരം: മുൻവിധികളെ അപ്രസക്തമാക്കി വഴുതിമാറുമെന്ന രാഷ്ട്രീയ സവിശേഷതയുള്ള മണ്ഡലമാണ് കഴക്കൂട്ടം. വർഷങ്ങളോളം യു.ഡി.എഫിനെ അകമഴിഞ്ഞ് പിന്തുണച്ച മണ്ഡലത്തിെൻറ മനസ്സിന് മാറ്റം വന്നെന്നാണ് 2016 ലെ നിയമസഭ തെരഞ്ഞെടുപ്പ് മുതൽ വ്യക്തമാകുന്നത്. ടെക്നോപാർക്ക് ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ഇൗ മണ്ഡലത്തിൽ പുതിയ വോട്ടർമാർ നിർണായകമായതോടെയാണ് മണ്ഡലത്തിെൻറ സ്വഭാവവും മാറിയത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിക്കുേമ്പാൾ എൽ.ഡി.എഫിനും ബി.ജെ.പിക്കും മണ്ഡലത്തിൽ നേട്ടം കൈവരിക്കാൻ സാധിച്ചെന്നും വ്യക്തം.
2001ൽ സ്വതന്ത്രനായും 2006 ലും 2011ലും കോൺഗ്രസ് ടിക്കറ്റിലും മത്സരിച്ച എം.എ. വാഹിദിനെ വിജയിപ്പിച്ചേതാടെ കഴക്കൂട്ടം യു.ഡി.എഫിനെ പിന്തുണക്കുന്ന മണ്ഡലമായി ബ്രാൻഡ് ചെയ്യപ്പെട്ടു. എന്നാൽ, 2016 ൽ കടകംപള്ളി സുരേന്ദ്രനിലൂടെ മണ്ഡലം എൽ.ഡി.എഫ് സ്വന്തമാക്കിയതോടെ മണ്ഡലത്തിെൻറ മറ്റൊരു രാഷ്ട്രീയമുഖം പുറത്തുവരുകയായിരുന്നു. അുതാടൊപ്പം മണ്ഡലത്തിൽ ബി.ജെ.പിയുടെ സ്വാധീനവും വർധിക്കുന്നത് കാണാൻ കഴിഞ്ഞു.
തിരുവനന്തപുരം കോർപറേഷനിലെ 22 വാർഡുകൾ ഉൾപ്പെടുന്നതാണ് കഴക്കൂട്ടം നിയോജകമണ്ഡലം. ഇതിൽ കഴക്കൂട്ടം, കാട്ടായിക്കോണം, പൗഡിക്കോണം, ചെല്ലമംഗലം, ചെമ്പഴന്തി, കുളത്തൂർ, പള്ളിത്തുറ, പൗണ്ടുകടവ്, കടകംപള്ളി, അണമുഖം, മെഡിക്കൽകോളജ്, ഇടവക്കോട്, മണ്ണന്തല, ചന്തവിള, ചെറുവയ്ക്കൽ, നാലാഞ്ചിറ, ആക്കുളം, ഉള്ളൂർ, ആറ്റിപ്ര, കരിക്കകം, ശ്രീകാര്യം, ഞാണ്ടൂർക്കോണം എന്നീ വാർഡുകൾ ഉൾപ്പെടുന്നതാണ് ഇൗ മണ്ഡലം.
ടെക്നോപാർക്കിലൂടെ ഐ.ടി മേഖലയുടെ വികാസവും അനുബന്ധവ്യവസായങ്ങളും കൊണ്ട് അതിവേഗം വളരുന്ന മേഖലയാണ് കഴക്കൂട്ടം. പുതിയ വോട്ടർമാരായി ഇൗ മണ്ഡലത്തിൽ എത്തുന്നവരിൽ നല്ലൊരു ശതമാനവും മറ്റ് സ്ഥലങ്ങളിൽനിന്ന് വിവിധ ഐ.ടി സ്ഥാപനങ്ങളിൽ ജോലിചെയ്യാനെത്തി ഇവിടെ സ്ഥിരം താമസക്കാരായവരാണ്. ഇവരിൽ ഭൂരിപക്ഷവും യുവാക്കളും. അതായത് പുതിയ വോട്ടർമാർ എങ്ങനെ ചിന്തിക്കുമെന്നതിനെ അടിസ്ഥാനപ്പെടുത്തിയാകും മണ്ഡലത്തിലെ വിജയക്കാറ്റ്. രൂപവത്കരണത്തിനുശേഷം കക്ഷി-രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി സ്വതന്ത്രരുൾപ്പെടെയുള്ളവരുടെ കരങ്ങളിൽ ഭദ്രമായി ഒതുങ്ങിയ ചരിത്രമാണ് മണ്ഡലത്തിനുള്ളത്.
1965ൽ കോൺഗ്രസിലെ എൽ. ലക്ഷ്മണനും 1970ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിലെ പി. നീലകണ്ഠനും 1977ൽ കോൺഗ്രസിലെ തലേക്കുന്നിൽ ബഷീറുമാണ് കഴക്കൂട്ടത്തുനിന്ന് നിയമസഭയിലെത്തിയത്. രാജൻ കേസിൽ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ രാജിവെക്കേണ്ടിവന്നതിനാൽ പകരം അധികാരമേറ്റ എ.കെ. ആൻറണിയെ 1977ൽ ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തിച്ചതും കഴക്കൂട്ടമാണ്.
അക്കാലയളവിലെ നിയമസഭാംഗമായിരുന്ന തലേക്കുന്നിൽ ബഷീർ രാജിവെച്ചൊഴിഞ്ഞാണ് ആൻറണിക്ക് അവസരമൊരുക്കിയത്. 1977ലെ ഉപതെരഞ്ഞെടുപ്പിൽ 8669 വോട്ടുകൾക്കാണ് ആൻറണി സി.പി.എമ്മിലെ പിരപ്പൻകോട് ശ്രീധരനെ പരാജയപ്പെടുത്തിയത്. 1980ൽ കോൺഗ്രസ്-യു സ്ഥാനാർഥിയായി ജനവിധി തേടിയ എം.എം. ഹസൻ കോൺഗ്രസ് (ഐ) ലെ ലക്ഷ്മണൻ വൈദ്യനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തുന്നത്.
1982ൽ കോൺഗ്രസ് (എ) ടിക്കറ്റിൽ മത്സരിച്ച ഹസൻ സി.പി.എമ്മിലെ തോപ്പിൽ ധർമരാജനെ പരാജയപ്പെടുത്തി. മുസ്ലിം ലീഗിലെ നാവായിക്കുളം റഷീദിനെ പരാജയപ്പെടുത്തി 1987ൽ നബീസ ഉമ്മാളായിരുന്നു വിജയിച്ചത്.
എന്നാൽ, 1991ൽ യു.ഡി.എഫ് എം.വി. രാഘവനെ കളത്തിലിറക്കി മണ്ഡലം പിടിച്ചെടുത്തു. 689 വോട്ടിെൻറ നേരിയ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 1996ൽ സി.പി.എമ്മിലെ കടകംപള്ളി സുരേന്ദ്രൻ 24057 വോട്ടിെൻറ ഭൂരിപക്ഷത്തിൽ മണ്ഡലം തിരികെപിടിച്ചു. മുസ്ലിം ലീഗിലെ ഇ.എ. റഷീദായിരുന്നു എതിർസ്ഥാനാർഥി. 2001ൽ സ്വതന്ത്രനായി മത്സരിച്ച എം.എ. വാഹിദ് സി.പി.എമ്മിലെ ബിന്ദുഉമ്മറിനെ പരാജയപ്പെടുത്തി. 2006ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനിറങ്ങിയ വാഹിദിനെതിരെ 96 ലെ വൻഭൂരിപക്ഷത്തിെൻറ മികവ് പ്രതീക്ഷിച്ച് കടകംപള്ളി സുരേന്ദ്രൻ കളത്തിലിറങ്ങിയെങ്കിലും കാലിടറി. 215 വോട്ടിെൻറ ഭൂരിപക്ഷത്തിലായിരുന്നു വാഹിദിെൻറ വിജയം. 2011ലും വാഹിദ് വിജയം ആവർത്തിച്ചു.
എന്നാൽ, നാലാംവിജയം തേടിയിറങ്ങിയ വാഹിദിന് പക്ഷേ, കടകംപള്ളി സുരേന്ദ്രനും ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്ന വി. മുരളീധരനും മുന്നിൽകാലിടറി. 50079 വോട്ടുകളോടെ കടകംപള്ളി 7347 വോട്ടിന് ജയിച്ചപ്പോൾ വി. മുരളീധരൻ 42,732 വോട്ടുകൾ നേടി രണ്ടാംസ്ഥാനത്തെത്തി. വാഹിദിന് 38,602 വോട്ട് നേടാനേ സാധിച്ചുള്ളൂ. വിജയിച്ച കടകംപള്ളി തലസ്ഥാന ജില്ലയിൽ നിന്നുള്ള ഏകമന്ത്രിയുമായി.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലുൾപ്പെട്ട ആകെ കോർപറേഷൻ വാർഡുകളിൽ 22 ൽ 14 എണ്ണത്തിൽ എൽ.ഡി.എഫും അഞ്ചെണ്ണത്തിൽ ബി.ജെ.പിയും മൂന്നെണ്ണത്തിൽ യു.ഡി.എഫുമാണ് വിജയിച്ചത്. അതിൽ നിന്നുതന്നെ മണ്ഡലത്തിെൻറ രാഷ്ട്രീയ സ്വഭാവത്തിൽ വന്ന മാറ്റം പ്രകടം. വോട്ടുകളുടെ എണ്ണത്തിൽ എൽ.ഡി.എഫ് ഒന്നാമതും ബി.ജെ.പി രണ്ടാമതുമാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിൽ 48799 വോട്ടുകളാണ് എൽ.ഡി.എഫ് നേടിയത്. യു.ഡി.ഫിന് 31979 ഉം ബി.ജെ.പിക്ക് 36,309 വോട്ടുമാണ് ലഭിച്ചത്. മുൻ വർഷങ്ങളിലെ കണക്ക് പരിശോധിക്കുകയാണെങ്കിൽ എൽ.ഡി.എഫിെൻറ വോട്ട് വിഹിതത്തിൽ വലിയ വർധനയുണ്ടായപ്പോൾ യു.ഡി.എഫ്, എൻ.ഡി.എ കക്ഷികളുടെ വോട്ടിൽ വലിയ കുറവാണ് സംഭവിച്ചിട്ടുള്ളത്.
വാർഡുകളിലെ നില
ആകെ വാർഡുകൾ -22
എൽ.ഡി.എഫ് -14
ബി.ജെ.പി -അഞ്ച്
യു.ഡി.എഫ് -മൂന്ന്
തദ്ദേശ തെരഞ്ഞെടുപ്പിൽ
മുന്നണികൾക്ക് കിട്ടിയ വോട്ട്
എൽ.ഡി.എഫ് - 48,799
ബി.ജെ.പി -36,309
യു.ഡി.എഫ് -31,979
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.