മൂവാറ്റുപുഴ: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ മന്ത്രി കെ. ബാബു വിചാരണ നടപടികൾക്ക് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നോട്ടീസ് അയച്ചു. ജൂലായ് രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ കോടതിയിലെത്തണമെന്നാവശ്യപെട്ടാണ് നോട്ടീസ്. മന്ത്രിയായിരിക്കെ ബാബു വരവിനേക്കാൾ 49.4 ശതമാനം അധികം സ്വത്ത് സമ്പാദിച്ചെന്ന് കാണിക്കുന്ന കുറ്റപത്രം അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ബാര്‍ കോഴക്കേസില്‍ അന്വേഷണം നേരിടുന്ന ബാബുവിന് കോടികളുടെ അനധികൃത സ്വത്തുണ്ടെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിെൻറ ഭാഗമായാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തെൻറ ഭാഗം വിശദീകരിക്കാന്‍ അവസരം ആവശ്യപ്പെട്ട് ബാബു കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് വിജിലന്‍സ് ആദ്യം സമര്‍പ്പിച്ച കുറ്റപത്രം തിരികെ വാങ്ങിയിരുന്നു. പിന്നീട് അദ്ദേഹത്തിെൻറ മൊഴികള്‍കൂടി ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മാര്‍ച്ച് 27 ന് സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ച് അടുത്ത നടപടിക്രമങ്ങളുടെ ഭാഗമായി നോട്ടീസ് അയക്കുകയായിരുന്നു.
2001 ജൂലായ് മുതല്‍ 2016 മേയ് വരെയുള്ള വരുമാനവും സ്വത്തും സംബന്ധിച്ചാണ് വിജിലന്‍സ് അന്വേഷിച്ചത്. 2016 ആകുമ്പോഴേക്കും 28.82 ലക്ഷം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു വിജിലന്‍സിെൻറ കണ്ടെത്തല്‍. എന്നാല്‍, ഇക്കാലയളവില്‍ ജനപ്രതിനിധി എന്ന നിലയില്‍ കിട്ടിയ വരുമാനം ഇതിലുള്പ്പെടുത്തിയിട്ടില്ലെന്നാണ് ബാബുവിെൻറ വാദം. മന്ത്രിയും എം.എൽ.എയുമായിരുന്ന കാലത്തെ ടി.എ, ഡി.എ, മറ്റാനുകൂല്യങ്ങള്‍, മകളുടെ വിവാഹത്തിന് ലഭിച്ച സമ്മാനങ്ങള്‍, ഭാര്യവീട്ടില്‍നിന്ന് ലഭിച്ച സ്വത്ത് എന്നിവയെല്ലാം വരുമാനമായി കണക്കാക്കണമെന്ന ആവശ്യം വിജിലന്‍സ് അംഗീകരിച്ചില്ല. ഇതില്‍ ടി.എ, ഡി.എ എന്നിവ മാത്രമാണ് അംഗീകരിച്ചത്. എന്നാൽ, ആദ്യ ഘട്ടത്തില്‍ ഭൂമി ഇടപാടുള്‍പ്പെടെ ഇദ്ദേഹത്തിനെതിരെ ഉന്നയിച്ചിരുന്ന പല ആരോപണങ്ങളും കുറ്റപത്രത്തിലില്ല. തേനിയില്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു. ബാബുവിെൻറ ബിനാമികളായി പറഞ്ഞിരുന്ന ബേക്കറി ഉടമ മോഹനനേയും ബാബുറാമിനേയും തെളിവില്ലാത്തതിനാൽ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.
തൃപ്പൂണിത്തുറ പ്രതികരണവേദിയുടേതായി വിജിലന്‍സ് കോടതിക്ക് ലഭിച്ച കത്തിെൻറ അടിസ്ഥാനത്തിലാണ് 2017 സെപ്റ്റംബറില്‍ ബാബുവിനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാബുവിന് കോടികളുടെ അനധികൃത സ്വത്തുണ്ടെന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. ഡി.ജി.പി ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായപ്പോഴാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.