‘മലയാളത്തിന്‍റെ വാത്സല്യച്ചിരിയാണ് മാഞ്ഞത്’; അനുശോചിച്ച് കെ.സി. വേണുഗോപാലും കെ. സുധാകരനും

തിരുവനന്തപുരം: സിനിമ നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും. പതിറ്റാണ്ടുകളായി മലയാള സിനിമയുടെ മനസ്സില്‍ അമ്മയെന്ന പദത്തിന് കവിയൂര്‍ പൊന്നമ്മയെന്ന കലാകാരിയുടെതെക്കാള്‍ മറ്റൊരു മുഖമുണ്ടായിരുന്നില്ലെന്ന് കെ.സി. വേണുഗോപാൽ എം.പി. അനുശോചിച്ചു.

ഒരർഥത്തില്‍പ്പറഞ്ഞാല്‍ മലയാളത്തിന്റെ വാത്സല്യച്ചിരിയാണ് ഈ വേര്‍പാടിലൂടെ മാഞ്ഞുപോയത്.നാടകത്തിലും സിനിമയിലും പലര്‍ക്കും പകരക്കാരിയായി അഭിനയം തുടങ്ങിയെങ്കിലും കവിയൂര്‍ പൊന്നമ്മക്ക് ഒരു പകരക്കാരിയെ കണ്ടെത്താന്‍ അന്നും ഇന്നും മലയാള സിനിമക്ക് കഴിഞ്ഞിട്ടില്ല.

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച് മലയാളികളുടെ ഹൃദയത്തിലും മലയാള സിനിമയിലും തന്റെതായ ഇരിപ്പിടം നേടിയെടുത്ത ശേഷമാണ് ഈ അതുല്യ കലാപ്രതിഭ അരങ്ങൊഴിഞ്ഞത്. കവിയൂര്‍ പൊന്നമ്മയുടെ വേര്‍പാട് മലയാള സിനിമക്ക് ഒരുവലിയ നഷ്ടമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടിയ അതുല്യ അഭിനേത്രി -കെ. സുധാകരന്‍

ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എം.പി അനുശോചിച്ചു. അമ്മ വേഷങ്ങളിലൂടെ മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടിയ അതുല്യ അഭിനേത്രി ആയിരുന്നു കവിയൂര്‍ പൊന്നമ്മ. അഭിനയ പ്രാധാന്യമേറിയ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ അവരുടെ ആറരപതിറ്റാണ്ടത്തെ അഭിനയ സപര്യയിലൂടെ സാധിച്ചു.

കവിയൂര്‍ പൊന്നമ്മയുടെ വിയോഗം മലയാള ചലച്ചിത്ര മേഖലക്ക് വലിയ നഷ്ടമാണ്. കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നതായും കെ. സുധാകരന്‍ പറഞ്ഞു.

Full View

Tags:    
News Summary - KC Venugopal and K Sudhakaran condolences to Kaviyoor Ponnamma Demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.