ബിഷപ്പ് പാമ്പ്ലാനിക്കെതിരേ കെ.ടി.ജലീൽ വധഭീഷണി ഉയർത്തിയെന്ന് കെ.സി.വൈ.എം; കള്ളക്കഥ മെനഞ്ഞ് ഭിന്നിപ്പിക്കാനാവില്ലെന്ന് ജലീൽ

കോഴിക്കോട്: റബറിനു 300 രൂപ താങ്ങുവില പ്രഖ്യാപിച്ചാൽ ബി.ജെ.പിക്ക് കേരളത്തിൽ എം.പിമാരെ തരാ​മെന്ന തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാമ്പ്ലാനിക്കെതിരേ മുൻ മന്ത്രി കെ.ടി. ജലീൽ നടത്തിയ പ്രസ്താവനയെ വളച്ചൊടിച്ച് ക്രിസ്ത്യൻ സംഘടനയായ കെ.സി.വൈ.എം. ‘30 വെള്ളിക്കാശിൻറെ മോദി കാലത്തെ മൂല്യമാണോ 300 രൂപ? ബി.ജെ.പി നൽകുന്ന റബറിന്റെ വില പോയി വാങ്ങണമെങ്കിൽ ഉടലിൽ തലയുണ്ടായിട്ട് വേണ്ടേ?’ എന്ന ജലീലിന്റെ ഫേസ്ബുക് പോസ്റ്റാണ് പാമ്പ്ലാനിക്കെതിരായ വധഭീഷണിയായി ചിത്രീകരിച്ചത്. നേരത്തെ സമാന ആരോപണം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജലീലിനെതിരെ നടത്തിയിരുന്നു.

പാമ്പ്ലാനിക്കെതിരെ വധഭീഷണി ഉയർത്തിയ ജലീൽ മാപ്പു പറയണമെന്ന് കെസിവൈഎം, എസ്എംവൈഎം താമരശേരി രൂപതാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുള്ളൻകുന്ന് അങ്ങാടിയിൽ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് വിശാഖ് തോമസ് ഉദ്ഘാടനം ചെയ്തു.

Full View

എന്നാൽ, ഏതു സമയത്തും വേട്ടയാടപ്പെടുമെന്ന മാനസികാവസ്ഥയിലാണ് ന്യൂനപക്ഷങ്ങൾ എന്ന് സൂചിപ്പിച്ചതാണ് തന്റെ പ്രസ്താവനയെന്നും ഇതിനെ ക്രൈസ്തവ പുരോഹിതനെ കൊല്ലാൻ ആഹ്വാനം ചെയ്തു എന്ന മട്ടിൽ കെ. സുരേന്ദ്രൻ പെരുംനുണയായി എഴുന്നള്ളിച്ചതാണെന്നും ജലീൽ വിശദീകരിച്ചു. ‘ഉത്തരേന്ത്യയിൽ ഇത്തരം കള്ളപ്രചരണങ്ങളാണ് സംഘ് പരിവാർ സാധാരണ അഴിച്ചു വിടാറുള്ളത്. അസത്യം വിളമ്പി ഇല്ലാത്തത് ഉണ്ടെന്ന് വരുത്തി രാഷ്ട്രീയ ലക്ഷ്യം നേടാൻ നടത്തുന്ന ഹിന്ദി ബെൽറ്റിലെ വർഗീയ കുതന്ത്രം കേരളത്തിൽ വിലപ്പോവില്ല. അതുകൊണ്ടൊന്നും ക്രൈസ്തവ സമുദായത്തിൻ്റെ വോട്ട് പെട്ടിയിലാക്കാമെന്ന് സുരേന്ദ്രൻ വ്യാമോഹിക്കേണ്ട’ -ജലീൽ വ്യക്തമാക്കി.

ജലീലിന്റെ കുറിപ്പിന്റെ പൂർണരൂപം:

കള്ളക്കഥ മെനഞ്ഞ് ഭിന്നിപ്പിക്കാൻ സുരേന്ദ്രനാവില്ല.

ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് വേണ്ടത് അവരുടെ ജീവിനും സ്വത്തിനും സംരക്ഷണമാണ്. അത് നൽകാൻ മോദി സർക്കാരിന് കഴിഞ്ഞിട്ടില്ല. ഗുജറാത്ത് കലാപം മുതൽ നസീം ഖുറേഷി വരെ വർഗ്ഗീയ ചേരിതിരിവിൽ ജീവൻ നഷ്ടപ്പെട്ട ഹതഭാഗ്യരുടെ പട്ടിക ഏറെ നീണ്ടതാണ്. ആസ്ട്രേലിയക്കാരായ ക്രൈസ്തവ പുരോഹിതൻ ഗ്രഹാം സ്റ്റെയിൻസും എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തിൻ്റെ രണ്ട് മക്കളും ചുട്ടെരിക്കപ്പെട്ടത് ഇന്നും ഭീതിപ്പെടുത്തുന്ന ഓർമ്മയാണ്.

ബാബരി മസ്ജിദ് ഉൾപ്പടെ നിരവധി ചർച്ചുകളും പള്ളികളും തകർക്കപ്പെട്ട സംഭവങ്ങൾ ഇതോടൊപ്പം ചേർത്ത് വായിച്ചാലേ ചിത്രം പൂർണ്ണമാകൂ.

BJP നൽകുന്ന ആനുകൂല്യങ്ങൾ ന്യൂനപക്ഷങ്ങൾക്ക് വാങ്ങാൻ അവരുടെ ഉടലിൽ തലയുണ്ടായാലല്ലേ കഴിയൂ. നിർഭയം ജീവിക്കാനുള്ള അവകാശമാണ് മത ന്യൂനപക്ഷങ്ങൾക്ക് വേണ്ടത്. ഓരോ ദിവസം ഉറക്കമുണരുമ്പോഴും തല തപ്പിനോക്കി അത് സ്ഥാനത്തുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട സ്ഥിതി ഒരു നാട്ടിലും ഉണ്ടാകാൻ പാടില്ല.

റബ്ബറിന് കിലോക്ക് 300 രൂപയാക്കിയത് കൊണ്ടോ നെല്ല് കിലോക്ക് 50 രൂപ നൽകിയത് കൊണ്ടോ മറ്റു കാർഷികോൽപ്പന്നങ്ങൾക്ക് മോഹിപ്പിക്കുന്ന വില വാഗ്ദാനം ചെയ്തത് കൊണ്ടോ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന വർത്തമാന പ്രതിസന്ധിക്ക് പരിഹാരമാവില്ല. എഴുപതോളം ക്രൈസ്തവ സംഘടനകൾ ഡൽഹിയിൽ നടത്തിയ റാലിയിൽ ഉയർത്തിയ ആവശ്യം സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നാണ്. അല്ലാതെ എല്ലാ കാർഷിക വിളകൾക്കും മോഹ വില ഉറപ്പുവരുത്തണം എന്നല്ല.

ഒരു മൃഗത്തിൻ്റെ പേരിൽ മനുഷ്യനെ കൊല്ലുന്ന നാട് ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോ? കൊല്ലും കൊലയും തുടരുന്നെടത്തോളം അതേകുറിച്ച് പറഞ്ഞു കൊണ്ടിരിക്കും. അതൊരു പൗരൻ്റെ ധർമ്മമാണ്.

ഏതു സമയത്തും വേട്ടയാടപ്പെടുമെന്ന മാനസികാവസ്ഥയിൽ നിന്ന് ന്യൂനപക്ഷങ്ങൾക്ക് മുക്തി നൽകാനാണ് സുരേന്ദ്രൻ്റെ പാർട്ടി ശ്രമിക്കേണ്ടത്. ഇക്കാര്യം സൂചിപ്പിച്ചതിനാണ് ഞാൻ ക്രൈസ്തവ പുരോഹിതനെ കൊല്ലാൻ ആഹ്വാനം ചെയ്തു എന്ന മട്ടിൽ അദ്ദേഹം പെരും നുണ എഴുന്നള്ളിച്ചത്.

ഉത്തരേന്ത്യയിൽ ഇത്തരം കള്ളപ്രചരണങ്ങളാണ് സംഘ് പരിവാർ സാധാരണ അഴിച്ചു വിടാറുള്ളത്. അസത്യം വിളമ്പി ഇല്ലാത്തത് ഉണ്ടെന്ന് വരുത്തി രാഷ്ട്രീയ ലക്ഷ്യം നേടാൻ നടത്തുന്ന ഹിന്ദി ബെൽറ്റിലെ വർഗീയ കുതന്ത്രം കേരളത്തിൽ വിലപ്പോവില്ല. അതുകൊണ്ടൊന്നും ക്രൈസ്തവ സമുദായത്തിൻ്റെ വോട്ട് പെട്ടിയിലാക്കാമെന്ന് സുരേന്ദ്രൻ വ്യാമോഹിക്കേണ്ട.

Tags:    
News Summary - KCYM alleged that KT Jaleel raised death threats against Joseph Pamplany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.