കൽപറ്റ: വയനാട്ടിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. അതിനിടെ, കണിയാമ്പറ്റയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാർ കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. വയനാട് ജില്ലാ പോലീസ് മേധാവി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
നാല് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് മാനന്തവാടി കുടൽകടവിൽ ആയിരുന്നു കൊടുംക്രൂരത. ചെക്ക്ഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾ തമ്മിൽ കൈയാങ്കളി ഉണ്ടായി. ഇത് പരിഹരിക്കാൻ ശ്രമിച്ച ആദിവാസി യുവാവായ ചെമ്മാട് നഗർ സ്വദേശി മാതനെ കാറിൽ കൈ കുരുക്കിയശേഷം റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. മാതൻ്റെ നട്ടെല്ലിനും കൈകാലുകൾക്കും ഗുരുതര പരുക്കേറ്റു.
പ്രതികൾ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും നേരെ പലതവണ കൈയേറ്റവും അസഭ്യ വർഷവും ഉണ്ടായി. കുറ്റിപ്പുറം സ്വദേശിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. ഇവർക്കായി അന്വേഷണം ഊർജിതമാക്കി. പ്രതികൾ ഉടൻ കസ്റ്റഡിയിലാകുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.