ഇരുചക്രവാഹന യാത്ര; 12ന് താഴെയുള്ള കുട്ടിക്ക് തൽക്കാലം പിഴയില്ല

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ രണ്ട് യാത്രികർക്ക് പുറമേ 12 വയസിന് താഴെയുള്ള കുട്ടി മൂന്നാമത്തെ യാത്രികനെങ്കിൽ തൽക്കാലം പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. 12 വയസിൽ താഴെയുള്ള കുട്ടിയെ മൂന്നാം യാത്രക്കാരനായി ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകുന്നതിൽ ഇളവ് തേടി കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്. കേന്ദ്രത്തിന്‍റെ മറുപടി ലഭിക്കും വരെ ഇതിന് പിഴയീടാക്കില്ല.

സംസ്ഥാനത്ത് തിങ്കളാഴ്ച മുതലാണ് എ.​ഐ കാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുക. റോഡിലെ നിയമലംഘനം കണ്ടെത്താന്‍ 675 എ.ഐ കാമറയും അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 കാമറയും ചുവപ്പ് സിഗ്നല്‍ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ 18 കാമറയുമാണ് സ്ഥാപിച്ചിട്ടുള്ളത്.

തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ നിയമലംഘകർക്ക് നോട്ടീസ് അയച്ച് പിഴ ഈടാക്കിത്തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. കാറിനകത്തുള്ളത് വി.ഐ.പിയാണോ അല്ലയോ എന്നത് കാമറ കണ്ടെത്തുന്നില്ല. നിയമലംഘനമാണ് കണ്ടെത്തുന്നത്. അത് കണ്ടെത്തിയാൽ പിഴയീടാക്കും. ആർക്കും പ്രത്യേക പരിഗണനയുണ്ടാകില്ല.

അതേസമയം, ഇരുചക്ര വാഹനങ്ങളിൽ ചെറിയ കുട്ടികളെപ്പോലും മൂന്നാമത്തെ യാത്രക്കാരായി അനുവദിക്കാൻ സാധിക്കില്ലെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞത്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ നിലവിലുള്ള വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് പത്ത് വയസ് വരെയെങ്കിലുമുള്ള കുട്ടികളെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മാതാപിതാക്കളോടൊപ്പം യാത്രചെയ്യാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് സി.പി.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എം.പി നൽകിയ കത്തിനുള്ള മറുപടിയിലാണ് കേന്ദ്ര സർക്കാറിന്‍റെ നിലപാട് മന്ത്രി വ്യക്തമാക്കിയത്.

നാളെ മുതലുള്ള പിഴകൾ ഇപ്രകാരം

ഹെൽമറ്റ് ഇല്ലാതെയുള്ള യാത്രകൾക്ക് - 500 രൂപ (രണ്ടാം തവണ പിടിക്കപ്പെട്ടാൽ - 1000 രൂപ)

ലൈസൻസില്ലാതെ വാഹനം ഓടിക്കൽ - 5000 രൂപ

വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗം- 2000 രൂപ

അമിതവേഗം - 2000 രൂപ

സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആദ്യതവണ- 500 രൂപ പിഴ (ആവർത്തിച്ചാൽ 1000 രൂപ).

മദ്യപിച്ച് വാഹനമോടിച്ചാൽ 6 മാസം തടവ് അല്ലെങ്കിൽ 10,000 രൂപ പിഴ

രണ്ടാം തവണ പിടിക്കപ്പെട്ടാൽ 2 വർഷം തടവ് അല്ലെങ്കിൽ 15,000 രൂപ പിഴ

ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 3 മാസം തടവ് അല്ലെങ്കിൽ 2000 രൂപ പിഴ

രണ്ടാം തവണയും പിടിക്കപ്പെട്ടാൽ മൂന്ന് മാസം തടവ് അല്ലെങ്കിൽ 4000 രൂപ പിഴ

രണ്ടിൽ കൂടുതൽ ആളുകളുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്താൽ 1000 രൂപ 

അനധികൃത പാർക്കിങ് -250 രൂപ

Tags:    
News Summary - Kerala AI Camera traffic violation fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.