തിരുവനന്തപുരം: നിയമസഭയിൽ കനത്ത പ്രതിപക്ഷ പ്രതിഷേധം. കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് വിഷയവും കൊച്ചി കോർപറേഷന് മുന്നിൽ യു.ഡി.എഫ് നേതാക്കളെ പൊലീസ് മർദിച്ച സംഭവവും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. വിഷയത്തിൽ അടിയന്തര പ്രമേയത്തിനുള്ള ആവശ്യം സ്പീക്കർ തള്ളിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും സമാന്തരമായി അടിയന്തര പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.
'കൊച്ചിയെ കൊല്ലരുത്' ബാനറുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ സഭ ബഹളത്തിൽ മുങ്ങി. ബാനർ ഉയർത്തിയതിനെതിരെ മുന്നറിയിപ്പുമായി സ്പീക്കറും രംഗത്തെത്തി. മുതിർന്ന നേതാക്കളെ ഉൾപ്പടെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.
പ്രതിഷേധിച്ച എം.എൽ.എമാരെ പേരെടുത്ത് വിളിച്ച് സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. പലരും നേരിയ വോട്ടിന് ജയിച്ചതാണെന്നും ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും അടുത്ത പ്രാവശ്യം തോൽക്കുമെന്നുമായിരുന്നു സ്പീക്കറുടെ വാക്കുകൾ. ബാനർ പിടിച്ചവർക്കെതിരെ നടപടിയെടുക്കേണ്ടിവരുമെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകി.
കൊച്ചി കോർപ്പറേഷനിലെ വനിതാ കൗൺസിലർക്കെതിരായ പൊലീസ് നടപടിയും യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കാതിരുന്നതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം. ജോൺ എം.എൽ.എയാണ് അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ അനുമതി നൽകില്ലെന്നും ആദ്യ സബ്മിഷൻ ആയി പരിഗണിക്കാമെന്നും സ്പീക്കർ മറുപടി നൽകി.
മുതിർന്ന നേതാക്കളെ വരെ ക്രൂരമായി മർദ്ദിച്ചത് ഗൗരവമുള്ള വിഷയമാണെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. അനുമതിയില്ലെന്ന് സ്പീക്കർ നിലപാടെടുത്തു. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരുമെന്നതിനാലാണ് അടിയന്തര പ്രമേയം അനുവദിക്കാത്തതെന്ന് സതീശൻ കുറ്റപ്പെടുത്തിയതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ബഹളമായി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനറുമായി പ്രതിഷേധിക്കുകയും ചെയ്തു. തുടർന്നാണ് സമാന്തരമായി അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.