തിരുവനന്തപുരം: മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന ജില്ല സഹകരണ ബാങ്കുകളെ ലയിപ്പിച്ച് രൂപം നൽകിയ കേരള ബാങ്കിന്റെ നടത്തിപ്പിൽ താളപ്പിഴ. ജീവനക്കാരെ നിയമിക്കുന്നതിലടക്കം സഹകരണ വകുപ്പും മാനേജ്മെന്റും തുടരുന്ന നിസ്സംഗത ബാങ്ക് പ്രവർത്തനം താളംതെറ്റിക്കുന്ന സാഹചര്യമാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ശാഖകളുടെ പ്രവർത്തനം കാര്യക്ഷമമായി നടത്താനാവാത്ത സ്ഥിതിയാണ്.
വിവിധ തസ്തികകളിൽ നിയമനത്തിന് പി.എസ്.സി നടപടി ആരംഭിച്ചെങ്കിലും കോടതി ഇടപെടലടക്കം വന്നതോടെ നീളുന്ന സാഹചര്യമാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനവും വൈകുകയാണ്. ഇതടക്കം വിവിധ വിഷയങ്ങളുയർത്തി ഇടത് അനുകൂല യൂനിയനടക്കം സമരരംഗത്താണ്. സർക്കാർ നിസ്സംഗത തുടരുന്ന സാഹചര്യത്തിൽ ഭരണാനുകൂല സംഘടനയായ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ നവംബർ 22ന് പണിമുടക്കും.
കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക, ഒഴിവുകളിൽ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫെഡറേഷൻ സഹകരണ രജിസ്ട്രാർ ഓഫിസിന് മുന്നിൽ കഴിഞ്ഞ 29ന് സമരം നടത്തിയിരുന്നു. കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസും സമരവുമായി രംഗത്തുണ്ട്. നിസ്സഹകരണ സമരം, റിലേ സത്യഗ്രഹം തുടങ്ങിയവ ഇതിനകം നടത്തി. നവംബർ അവസാനം ത്രിദിന പണിമുടക്കിനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.