തിരുവനന്തപുരം: കുടുംബശ്രീ പദ്ധതികൾക്ക് ബജറ്റിൽ 1000 കോടി രൂപ. 258 കോടി ബജറ്റ് വിഹിതവും 400 കോടി തദ്ദേശ സ്ഥാപനങ്ങളുമായുള്ള സംയോജന പ്രവർത്തനങ്ങളിൽനിന്നും ബാക്കി കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്നുമാണ്. കുടുംബശ്രീ ഉൽപന്നങ്ങൾക്ക് ബ്രാൻഡ് അടിസ്ഥാനമാക്കി കേന്ദ്രീകൃത മാർക്കറ്റിങ് സംവിധാനം കൊണ്ടുവരും. 12 ഉൽപന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണനം നടത്തും.
വഴിയോരങ്ങളിൽ വിശ്രമ-ടോയ്ലറ്റ് സൗകര്യം ഉറപ്പാക്കുന്ന നൂറ് ‘ടേക് എ േബ്രക്’ കേന്ദ്രങ്ങളും ആരംഭിക്കും. പെേട്രാൾ പമ്പുകളിൽ ഇതേ സൗകര്യം ഒരുക്കുന്നതിന് പെേട്രാൾ കമ്പനികളുമായി കരാറിലേർപ്പെടും. എല്ലാ സി.ഡി.എസുകളിലും വനിത മേസ്തിരിമാരുടെ സംഘങ്ങൾ രൂപവത്കരിക്കും. ഗാർഹിക ഉപകരണങ്ങൾ നന്നാക്കാൻ കഴിയുന്ന സേവന സംഘങ്ങളും ഇവൻറ് മാനേജ്മെൻറ് ഗ്രൂപ്പുകളും രൂപവത്കരിക്കും.
വയോജന സംരക്ഷണ മേഖലയിൽ 2000 ജെറിയാട്രിക് കെയർ എക്സിക്യൂട്ടിവുകളെ പരിശീലിപ്പിക്കും. വയോജനങ്ങളുടെ ഇരുപതിനായിരം അയൽക്കൂട്ടങ്ങൾ രൂപവത്കരിച്ച് ഓരോന്നിനും 5000 രൂപ വീതം നൽകും. പഞ്ചായത്ത് പകൽവീടുകളിൽ കഴിയുന്നവരുടെ മേൽനോട്ടവും കുടുംബശ്രീയെ ഏൽപിക്കും. ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കുള്ള മഴവിൽ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രത്യേക അയൽകൂട്ടം രൂപവത്കരിക്കും. 65000 അയൽകൂട്ടങ്ങൾക്ക് നാലുശതമാനം പലിശക്ക് 3500 കോടി രൂപ ബാങ്ക് വായ്പ ലഭ്യമാക്കും. മാനസിക ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി കുടുംബശ്രീയുടെ നേതൃത്വത്തിൽ 100 ബഡ്സ് സ്കൂൾ കൂടി ആരംഭിക്കും.
കുടുംബശ്രീ നാട്ടുചന്തകളെ സ്ഥിരം വിപണന കേന്ദ്രങ്ങളായി ഉയർത്തും. 25000 സ്ത്രീകൾക്ക് പ്രതിദിനം 400-600 രൂപ വരുമാനം ലഭ്യമാക്കാനാണ് ലക്ഷ്യം. മൃഗപരിപാലനത്തിനും ചെറുകിട സംരംഭങ്ങൾക്കും മറ്റും വായ്പയെടുത്ത് കടക്കെണിയിലായ സ്ത്രീ സംഘങ്ങളുടെ പുനരുദ്ധാരണ പദ്ധതിക്ക് 20 കോടി രൂപ അധികം വകയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.