K Muraleedharan

കറുപ്പിനോട് അലർജി ആദ്യം തുടങ്ങിയത് പിണറായിക്ക്, ശിഷ്യന്മാർ നിറത്തിനെതിരെ തിരിഞ്ഞു -കെ. മുരളീധരൻ

തിരുവനന്തപുരം: കറുപ്പിനോടുള്ള അലർജി ആദ്യം തുടങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കറുപ്പ് കൊടിക്കെതിരെ അദ്ദേഹം പ്രചാരണം നടത്തിയപ്പോൾ ചില ശിഷ്യന്മാർ നിറത്തിനെതിരെയും പറഞ്ഞു. രണ്ടും തെറ്റാണെന്നും മുരളീധരൻ പറഞ്ഞു.

നിറത്തിന്‍റെ പേരിൽ വിവേചനം നേരിട്ടെന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍റെ തുറന്നുപറച്ചിലിൽ പ്രതികരിക്കുകയായിരുന്നു മുരളീധരൻ. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചീഫ് സെക്രട്ടറി, താൻ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്. തന്‍റെയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്‍റെയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചാണ് കുറിപ്പ്. ചീഫ് സെക്രട്ടറി എന്ന നിലയിൽ തന്റെ പ്രവര്‍ത്തനകാലഘട്ടം കറുപ്പും മുന്‍ ചീഫ് സെക്രട്ടറി വി. വേണുവിന്റെ പ്രവര്‍ത്തനം വെളുപ്പുമാണെന്നായിരുന്നു ആ പരാമര്‍ശമെന്ന് അവര്‍ തുറന്നുപറയുന്നു. കറുത്തവളെന്ന മുദ്രകുത്തലിൽ മുമ്പും വളരെ അസ്വസ്ഥയായിരുന്നെന്നും അവർ പറഞ്ഞു.

‘‘കറുപ്പിനെ എന്തിനാണ് അധിക്ഷേപിക്കുന്നത്. ഏറ്റവും കരുത്തുറ്റ ഊർജത്തിന്‍റെ തുടിപ്പാണ് കറുപ്പ്. എന്തിനെയും ആഗിരണം ചെയ്യാൻ കഴിവുണ്ട് കറുപ്പിന്. എന്നെ ഏറ്റവും വിഷമിപ്പിച്ചത് ‘കറുപ്പ്’ എന്ന വാക്ക് ഉപയോഗിച്ച രീതിയാണ്. ഒരു നിറമായി മാത്രമല്ല, ലജ്ജിക്കേണ്ടതോ നിരാശപ്പെടേണ്ടതോ ആയ ഒന്നായി കറുപ്പ് ലേബൽ ചെയ്യപ്പെടുന്നു. ഗർഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നു കൂടി ജനിപ്പിക്കുമോ എന്ന് നാലുവയസ്സുള്ളപ്പോൾ ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട്. മതിയായ നിറമില്ലെന്ന വിശേഷണത്തിലാണ് 50 കൊല്ലമായി ജീവിക്കുന്നത്. കഴിഞ്ഞ ഏഴു മാസമായി എന്‍റെ മുൻഗാമിയുമായുള്ള താരതമ്യപ്പെടുത്തലിന്‍റെ ഘോഷയാത്രയാണ്’ എന്നാണ് ‘കറുപ്പ് ലജ്ജിക്കേണ്ട നിറമാകുന്നു’ എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിൽ വെളിപ്പെടുത്തിയത്.

ഇതിന് പിന്നാലെ ചീഫ് സെക്രട്ടറിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം രാഷ്ട്രീയ, സാമൂഹിക നേതാക്കൾ രംഗത്തെത്തി. ‘കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’ എന്നായിരുന്നു സതീശന്‍റെ വൈകാരികമായ കുറിപ്പ്. ഒപ്പം ‘സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ, നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണ്, ചർച്ച ചെയ്യപ്പെടേണ്ടതുമാണ്’ എന്നും കൂട്ടിച്ചേർത്തു. പിന്നാലെ, മന്ത്രി വി. ശിവൻകുട്ടിയും കെ.കെ. രമയും രാഹുൽ മാങ്കൂട്ടത്തിലുമടക്കം പ്രതികരിച്ചു. പുരോഗമന കേരളത്തിൽ ചർമത്തിന്റെ നിറത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് സ്ഥാനമില്ലെന്ന് ഊന്നിപ്പറഞ്ഞ് ശാരദ മുരളീധരനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നെന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. പ്രതിഷേധങ്ങൾക്ക് കരിങ്കൊടിയാണ് സാധാരണ ഉപയോഗിക്കാറെന്നും ഇത് കറുപ്പ് മോശമാണെന്ന സൂചന സൃഷ്ടിക്കുന്നുണ്ടെന്ന് കെ.കെ. രമ പറഞ്ഞു. 

ചീഫ് സെക്രട്ടറിക്കുണ്ടായ അനുഭവം ഞെട്ടിച്ചു -എം.ബി. രാജേഷ്

തിരുവനന്തപുരം: നിറത്തിന്‍റെ പേരിൽ ചീഫ് സെക്രട്ടറിക്കുണ്ടായ ദുരനുഭവം വളരെ ഷോക്കിങ്ങായ സംഭവമാണെന്ന് മന്ത്രി എം.ബി. രാജേഷ്. കേരളത്തിന്‍റെ ചീഫ് സെക്രട്ടറിയെപ്പോലെ ഒരാൾ നിറത്തിന്‍റെ പേരിൽ അധിപേക്ഷം നേരിടേണ്ടിവരുന്നത് സമൂഹം എത്രമാത്രം രോഗാതുരമായിരിക്കുന്നെന്നതിന്‍റെ തെളിവാണ്. ചീഫ് സെക്രട്ടറി മാത്രമല്ല, ദൈനംദിനം എത്രപേർ അവഹേളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

പലരും ചീഫ് സെക്രട്ടറിയെ പിന്തുണച്ച് രംഗത്തുവരുന്നത് കണ്ടു. പക്ഷേ, അവരിൽ പലരും രാഷ്ട്രീയത്തിൽ എതിർചേരിയിലുള്ളവരെ അധിക്ഷേപിച്ച് നിലപാടെടുത്തിട്ടുണ്ട്. ചീഫ് സെക്രട്ടറിക്ക് എല്ലാ ഐക്യദാർഢ്യവും അറിയിക്കുന്നു. തുറന്നുപറയാൻ അവർ കണിച്ച ധൈര്യം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് സെക്രട്ടറിയുടേത് പവര്‍ഫുള്ളായ ഫേസ്ബുക്ക് പോസ്റ്റ് -വി.ഡി. സതീശൻ

കൊല്ലം: കറുപ്പിനെന്താണ് കുഴപ്പം എന്ന പേരിൽ ചീഫ് സെക്രട്ടറി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഏറ്റവും പവര്‍ഫുള്ളായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സാധാരണ ആരും കാണിക്കാത്ത ധൈര്യമാണ് ചീഫ് സെക്രട്ടറി കാണിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത്രയും ഉന്നതമായ പദവിയിലിരിക്കുന്ന സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥക്കുപോലും അങ്ങനെ എഴുതേണ്ടിവന്നു. കേരളം പുരോഗമനമാണെന്ന് നാം അഭിമാനിക്കുമ്പോഴും ഒരുപാട് പേരുടെ മനസ്സുകളില്‍ ഇപ്പോഴും യാഥാസ്ഥിതിക ചിന്തയാണ്; കറുപ്പിന് എന്താണ് കുഴപ്പമെന്നും സതീശൻ ചോദിച്ചു. എന്റെ അമ്മയുടെ നിറവും കറുപ്പായിരുന്നു. ആ കറുപ്പ് എനിക്ക് കിട്ടാത്തതിലായിരുന്നു കുട്ടിക്കാലത്തെ തന്റെ വിഷമമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.