കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നാടിന്‍റെ സ്ഥാപനങ്ങളാണെന്നും അവിടെ പഠിക്കാന്‍ വരുന്നത് നമ്മുടെ കുട്ടികളാണെന്നും കരുതി മാനേജ്മെന്‍റുകള്‍ പെരുമാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ നിശ്ചയിച്ച ഫീസില്‍ വിദ്യാർഥികളെ പഠിപ്പിക്കാമെന്ന് അഞ്ച് കോളജുകൾ സമ്മതിച്ചിട്ടുണ്ട്. മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളജുകളും ഇതിന് സന്നദ്ധമാകണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പോസ്റ്റിന്‍റെ പൂർണരൂപം:
സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നാടിന്‍റെ സ്ഥാപനങ്ങളാണെന്നും അവിടെ പഠിക്കാന്‍ വരുന്നത് നമ്മുടെ കുട്ടികളാണെന്നും കരുതി മാനേജ്മെന്‍റുകള്‍ പെരുമാറണം. കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളജ് മാനേജ്മെന്‍റ് ഫെഡറേഷന് കീഴിലുളള നാലു മെഡിക്കല്‍ കോളജുകളും പരിയാരം മെഡിക്കല്‍ കോളജും നേരത്തെ നിശ്ചയിച്ച ഫീസില്‍ വിദ്യാർഥികളെ പഠിപ്പിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളജുകളും അതിന് സന്നദ്ധമാകണം. ഉയര്‍ന്ന ഫീസ് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകാം. അവരും സഹകരിക്കണം.
സുപ്രീം കോടതി വിധി വന്നതോടെ മെഡിക്കല്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളും രക്ഷിതാക്കളും ഉത്കണ്ഠയിലാണ്. ആവരുടെ ഉത്കണ്ഠയില്‍ കാര്യമുണ്ട്. 5 ലക്ഷം ഫീസിനു പുറമെ 6 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്നതാണ് സുപ്രീം കോടതി നിര്‍ദേശം. പാവപ്പെട്ടവര്‍ക്ക് ഈ ഫീസില്‍ പഠിക്കാന്‍ കഴിയില്ല. അതിനാല്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ബാങ്ക് ഗ്യാരണ്ടി പ്രശ്നത്തില്‍ വിദ്യാർഥികള്‍ക്കുളള പ്രയാസം പരിഹരിക്കുന്നതിന് ബാങ്കുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്.
കൊളാറ്ററല്‍ സെക്യൂരിറ്റിയും തേര്‍ഡ് പാര്‍ട്ടി ഗ്യാരണ്ടിയും മാര്‍ജിന്‍ മണിയും ഒഴിവാക്കണമെന്ന് ബാങ്കുകളോട് അഭ്യർഥിച്ചിട്ടുണ്ട്. അവര്‍ സഹകരിക്കുമെന്നാണ് കരുതുന്നത്. ബാങ്ക് ഗ്യാരണ്ടിക്ക് കമ്മീഷന്‍ ഈടാക്കുന്ന പ്രവണതയുണ്ട്. തീരെ ദരിദ്രരായവര്‍ക്കും ബി.പി.എല്‍. വിഭാഗത്തിനും എസ്.സി-എസ്.ടിക്കാര്‍ക്കും കമീഷന്‍ ഒഴിവാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീംകോടതിയുടെ വിധി അന്തിമമല്ല. അഞ്ചുലക്ഷം രൂപ ഫീസിനു പുറമെ തല്‍കാലം ആറു ലക്ഷം രൂപയുടെ ബാങ്കു ഗ്യാരണ്ടി നല്‍കണമെന്നാണ് കോടതി പറഞ്ഞിട്ടുളളത്. ഫീ റഗുലേറ്ററി കമ്മിറ്റി ഫീസ് നിര്‍ണയിക്കണമെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എത്രയും വേഗം ഫീസ് തീരുമാനിക്കണമെന്ന് റഗുലേറ്ററി കമ്മിറ്റിയോട് സര്‍ക്കാര്‍ അഭ്യർഥിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിമൂലം പ്രയാസപ്പെടുന്ന കുടുംബങ്ങളോടൊപ്പമാണ് ഈ സര്‍ക്കാര്‍. അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.