കോട്ടയം: കേരള കോൺഗ്രസ് എമ്മിെൻറ ഇടതുമുന്നണി പ്രവേശനത്തിന് പുറെമ, ജോസ് കെ. മാണി എം.പിയെ പാർട്ടി ചെയർമാനായി അവരോധിക്കാനുള്ള കെ.എം. മാണിയുടെ നീക്കത്തിനും തിരിച്ചടി നൽകാൻ ജോസഫ് വിഭാഗം. ഇതോടെ മുന്നണി പ്രവേശനവും ചെയർമാൻ നിയമനവും പാർട്ടിയിലെ ഭിന്നത രൂക്ഷമാക്കിയിരിക്കുകയാണ്. ഇടതുമുന്നണിയിലേക്ക് പോകാനുള്ള തീരുമാനം മഹാസമ്മേളനത്തിൽ പ്രഖ്യാപിക്കാനുള്ള തീരുമാനം പി.ജെ. ജോസഫിെൻറ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചെങ്കിലും സംസ്ഥാന സമിതി, ഉന്നതാധികാര സമിതികളുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങളും മാണി നടത്തുന്നുണ്ട്.
മുന്നണി പ്രവേശനം നടന്നില്ലെങ്കിലും മകനെ ചെയർമാനാക്കാനുള്ള ശ്രമങ്ങൾ സജീവമാണ്. എന്നാൽ, തങ്ങളെ തള്ളി ഇതിനുള്ള നീക്കം നടത്തിയാൽ ഒപ്പം ഉണ്ടാവില്ലെന്ന് ജോസഫ് വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇതോടെ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനം എടുക്കാനാവാതെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് മാണി.
ഇൗ മാസം 14 മുതൽ 16 വരെ കോട്ടയത്താണ് സംസ്ഥാന മഹാസമ്മേളനം. ഒരു മുന്നണിയിലും ഇല്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന നിലപാട് പാർട്ടിയുടെ എല്ലാതലത്തിലും ശക്തമാണ്. ഇക്കാര്യത്തിൽ അണികളും നേതാക്കളും തീർത്തും അസംതൃപ്തരുമാണ്. സംസ്ഥാന സമ്മേളനത്തിൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന ആശ്വാസത്തിലായിരുന്നു എല്ലാവരും. ഇടതുമുന്നണി പ്രവേശനത്തിനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് മാണി വെളിപ്പെടുത്തിയതും മുന്നണി പ്രവേശന വിഷയത്തിലെ പ്രതിസന്ധി വ്യക്തമാക്കുന്നു.
ഇടതുമുന്നണിയുമായി രഹസ്യചർച്ച തുടരുേമ്പാഴും ജോസഫിെൻറ എതിർപ്പ് തള്ളാൻ കഴിയാത്ത സ്ഥിതിയിലാണ് മാണി. യു.ഡി.എഫിനൊപ്പം നിൽക്കണമെന്നാണ് ജോസഫിെൻറ അഭിപ്രായം. എന്നാൽ, ഇക്കാര്യം സമയമെടുത്ത് തീരുമാനിച്ചാൽ മതിയെന്നാണ് അവരുടെ ഏറ്റവും ഒടുവിലത്തെ നിലപാട്. ഇടതുമുന്നണി വ്യക്തമായ ഉറപ്പൊന്നും നൽകാത്ത സാഹചര്യത്തിൽ പാർട്ടിയുടെ വിലപേശൽ ശക്തി ദുർബലമാവുമെന്നും ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. ജോസ് കെ. മാണി ചെയർമാനാകുന്ന കാര്യവും ചർച്ചചെയ്യാൻ സമയമായിട്ടില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. മാണി ചെയർമാനും താൻ വർക്കിങ് ചെയർമാനും എന്ന ലയനവ്യവസ്ഥയിൽ തൽക്കാലം മാറ്റം വേണ്ടെന്നും ജോസഫ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.