തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചതോടെ നേരത്തേ അവർക്കെതിരെ കടുത്ത നിലപാടിലേക്ക് നീങ്ങിയിരുന്ന കോൺഗ്രസ് നേതാക്കൾ സ്വരം മാറ്റി. സെപ്റ്റംബർ മൂന്നിന് ചേരുന്ന യു.ഡി.എഫ് യോഗം ജോസ് പക്ഷത്തിനെതിരെ നടപടിയെടുക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പുതിയ സാഹചര്യത്തിൽ യോഗം തന്നെ മാറ്റിെവച്ചു.
നടപടി ആലോചിച്ച് മതിയെന്നാണ് പൊതുധാരണ. കോൺഗ്രസ് നേതാക്കളുടെ പ്രതികരണത്തിലും ജോസ് വിഭാഗത്തോടുള്ള മൃദുസമീപനം തെളിഞ്ഞുതുടങ്ങി.രാജ്യസഭ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയും അവിശ്വാസ പ്രമേയത്തിൽ പരോക്ഷമായി സർക്കാർ അനുകൂല നിലപാട് എടുക്കുകയും ചെയ്തതോടെയാണ് ജോസ് കെ. മാണി വിഭാഗത്തോട് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്ക് കോൺഗ്രസ് എത്തിയത്. ലീഗ് അടക്കം ഘടകകക്ഷികളുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടക്കുകയും ചെയ്തു.
ഇതിനിടയിലാണ് രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തീരുമാനം തെരഞ്ഞെടുപ്പ് കമീഷനിൽനിന്ന് വന്നത്. ചിഹ്ന തര്‍ക്കം കേരള കോണ്‍ഗ്രസുകളുടെ ആഭ്യന്തര തര്‍ക്കമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സാങ്കേതികമായി ജോസ് വിഭാഗം ഇപ്പോഴും യു.ഡി.എഫിൽ തന്നെയാണ്. ജോസ് വിഭാഗത്തെ മുന്നണിയില്‍നിന്ന് ഒരു ഘട്ടത്തിലും പുറത്താക്കിയിട്ടില്ല. അവരെ യു.ഡി.എഫ് യോഗത്തില്‍നിന്ന് മാറ്റിനിര്‍ത്തുക മാത്രമാണ് ചെയ്തത്.
മൂന്നിന് നടത്താനിരുന്ന യു.ഡി.എഫ് യോഗം സാങ്കേതിക കാരണങ്ങളാല്‍ മാറ്റി. പിന്നീടുള്ള കാര്യങ്ങള്‍ കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.