മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല -കേരള കോൺഗ്രസ് എം

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് കേരള കോൺഗ്രസ് -എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗം. ജയത്തിലും തോൽവിയിലും ഇടതുമുന്നണിക്ക് കൂട്ടുത്തരവാദിത്തം. തോൽവിയുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒരു ഘടകകക്ഷിക്കും മാറിനിൽക്കാനാവില്ല. സര്‍ക്കാറിന്‍റെ മുന്‍ഗണനകളില്‍ അവശ്യങ്ങളായ മാറ്റങ്ങള്‍ വരുത്താന്‍ തയാറാകണമെന്നും കോട്ടയത്ത് നടന്ന യോഗം ആവശ്യപ്പെട്ടു.

എക്കാലവും ഇടതുപക്ഷത്തിനൊപ്പം അടിയുറച്ചുനിന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അകന്നത് മുന്നണി ഗൗരവമായി കാണണം. മലയോര മേഖലകളിലെ കര്‍ഷകരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ കഴിയാതിരുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ഈ സാഹചര്യത്തിൽ ഭൂപരിഷ്‌കരണ കമീഷന്‍ ഉടൻ രൂപവത്കരിക്കണം.

വന്യജീവി ആക്രമണങ്ങള്‍ അടക്കമുള്ള വിഷയങ്ങളിൽ പരിഹാര നിര്‍ദേശങ്ങള്‍ക്കായി എൽ.ഡി.എഫ് ഉപസമിതി രൂപവത്കരിക്കണമെന്ന് മുന്നണി യോഗത്തിൽ ആവശ്യപ്പെടാനും സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. ചെയര്‍മാന്‍ ജോസ് കെ. മാണി അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Kerala Congress M Support to Pinarayi Vijayan in Election Defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.