കോട്ടയം: പാർട്ടിയുടെ 60ാം വാർഷികാഘോഷം വിവിധ കേരള കോൺഗ്രസ് പാർട്ടികൾ വ്യത്യസ്തമായി ആഘോഷിക്കും. സംസ്ഥാന വ്യാപകമായി പതാകദിനമായി കേരള കോൺഗ്രസ്-എം ആചരിക്കും. കേരളത്തിലുടനീളം ഒരേസമയത്താണ് എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ പതാക ദിനാചരണം നടക്കുക.
ജന്മദിനത്തോടനുബന്ധിച്ച് ഒക്ടോബർ 10 മുതൽ 20 വരെ സ്ഥാപകാംഗങ്ങളെയും പഴയകാല നേതാക്കളെയും പ്രാദേശികാടിസ്ഥാനത്തിൽ പൊതുപരിപാടികളിൽ ആദരിക്കും. പാർട്ടി ജന്മദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി കോട്ടയത്ത് നിർവഹിക്കും.
കേരള കോൺഗ്രസിന്റെ നേതൃത്വത്തിലും ആഘോഷപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികൾക്ക് തുടക്കംകുറിച്ച് വൈകീട്ട് മൂന്നിന് കോട്ടയത്തെ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസ് അങ്കണത്തിൽ ചെയർമാൻ പി.ജെ. ജോസഫ് പതാക ഉയർത്തും. തുടർന്ന് സമ്മേളനത്തിൽ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ദിനാചരണം തിരുവനന്തപുരം വൈ.എം.സി.എ ഹാളിലെ ടി.എം. ജേക്കബ് നഗറിൽ ബുധനാഴ്ച രാവിലെ 11ന് പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ആഘോഷപരിപാടികൾ ഉച്ചക്ക് രണ്ടിന് എറണാകുളം നോർത്ത് ക്ലാസിക് ഹോട്ടൽ ഹാളിൽ സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് 60 തിരി തെളിച്ച് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.