കോട്ടയം: തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കാലവര്‍ഷം ചതിച്ചതോടെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളെയും വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മഴയുടെ അളവില്‍ 42 ശതമാനത്തിന്‍െറ വരെ കുറവുണ്ടാകുകയും കാര്‍ഷികവിളകള്‍ വ്യാപകമായി കരിഞ്ഞുണങ്ങുകയും കുടിവെള്ളക്ഷാമം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് 14 ജില്ലകളെയും വരള്‍ച്ചബാധിത മേഖലയായി പ്രഖ്യാപിക്കാന്‍ ദുരന്ത നിവാരണ സമിതി തീരുമാനിച്ചതെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി മിക്കവാറും തിങ്കളാഴ്ച തന്നെ നടത്തും. റവന്യൂവകുപ്പ് പുറപ്പെടുവിച്ച നോട്ടിഫിക്കേഷനില്‍ മുഖ്യമന്ത്രി തിങ്കളാഴ്ച ഒപ്പുവെക്കുമെന്നാണ് വിവരം.
ഞായറാഴ്ച ചേര്‍ന്ന ദുരന്തനിവാരണ സമിതിയുടെ അടിയന്തര യോഗം സാഹചര്യങ്ങളെല്ലാം വിലയിരുത്തിയ ശേഷമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. വിവിധതലങ്ങളില്‍നിന്ന് ലഭിച്ച 26 റിപ്പോര്‍ട്ടുകളുടെയും ദുരന്തനിവാരണ സമിതിയുടെ ശിപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് നാലു വര്‍ഷത്തിനു ശേഷം സംസ്ഥാനത്തെ വരര്‍ച്ചബാധിത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത്.
2012 ഡിസംബര്‍ 31നായിരുന്നു മുമ്പ് വരള്‍ച്ചബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചത്. മഴയുടെ അളവ് മുന്‍കാലങ്ങളെക്കാള്‍ ഗണ്യമായി കുറയുകയും അടുത്ത മാസങ്ങളിലെങ്ങും കാലവര്‍ഷം ശക്തമാകുമെന്ന സൂചനകള്‍ ലഭിക്കാത്തതിനാലും 14 ജില്ലകളെയും ഒറ്റയടിക്ക് വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നായിരുന്നു ദുരന്തനിവാരണ സമിതിയുടെ ശിപാര്‍ശ. ഒക്ടോബറില്‍ മാത്രം തുലാവര്‍ഷത്തിന്‍െറ 60 ശതമാനം മഴ ലഭിക്കണമായിരുന്നു. എന്നാല്‍, അളവില്‍ 70 ശതമാനത്തിന്‍െറ കുറവുണ്ടായി. മൊത്തം 42 ശതമാനമാണ് കുറവ്. കഴിഞ്ഞ രണ്ടു വര്‍ഷമായി കാലവര്‍ഷം സംസ്ഥാനത്തെ ചതിച്ച സാഹചര്യത്തില്‍ കെടുതിയുടെ ഭീകരത മുന്നില്‍ കണ്ടാണ് സംസ്ഥാനത്തെ കൊടുംവരള്‍ച്ചാ സംസ്ഥാനമായി പ്രഖ്യാപിക്കേണ്ടി വരുന്നതെന്ന് റവന്യൂ സെക്രട്ടറി പറഞ്ഞു.
അടുത്ത മാസങ്ങളില്‍ കാലവര്‍ഷത്തിന്‍െറ ഗതി നോക്കിയശേഷം ആവശ്യമെങ്കില്‍ തീരുമാനത്തില്‍ മാറ്റം വരുത്തും. എന്നാല്‍, അതിനുള്ള സാധ്യതകള്‍ വിരളമാണ്. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 2219 ഹെക്ടറില്‍ കൃഷി നശിച്ചിട്ടുണ്ട്. വിശദമായ കണക്ക് ജില്ലകളില്‍നിന്ന് ശേഖരിച്ചു വരുകയാണ്. വിള നാശത്തിന് ഓരോന്നിന്‍െറയും തോത് അനുസരിച്ച് 18,000 മുതല്‍ താഴോട്ട് നഷ്ടപരിഹാരം നല്‍കും. എല്ലാ കാര്‍ഷിക വായ്പകള്‍ക്കും ഒരുവര്‍ഷംവരെ മോറട്ടോറിയം പ്രഖ്യാപിക്കും.
ജപ്തി നടപടികള്‍ നിര്‍ത്തിവെക്കും. വായ്പകള്‍ പുന$ക്രമീകരിക്കും. സംസ്ഥാനതല ബാങ്കിങ് അവലോകന സമിതി യോഗം ചേര്‍ന്നാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ബാങ്കിങ് സമിതിയുടെ യോഗവും ഉടന്‍ വിളിച്ചുചേര്‍ക്കും. വരള്‍ച്ചയില്‍ കാര്‍ഷിക മേഖലക്കുണ്ടായ നഷ്ടം മൂലം വിദ്യാഭ്യാസ വായ്പയെടുത്തവരടക്കമുള്ളവരാണ് വന്‍ പ്രതിസന്ധി നേരിടുന്നത്. അതിനാല്‍ സര്‍ക്കാര്‍ ഇടപെടല്‍ വൈകില്ല.-പി.എച്ച്. കുര്യന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.