പത്തനംതിട്ട: ‘‘എല്ലാം നശിച്ചു. ഒന്നുമില്ല എടുക്കാൻ. ഒരായുസ്സ് മുഴുവൻ ഞങ്ങളുടെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് ഇൗ വീടും സൗകര്യങ്ങളുമെല്ലാം. ക്യാമ്പിൽനിന്ന് വന്ന് രാവിലെ വീട് കണ്ടപ്പോൾ നെഞ്ചുപൊട്ടിപ്പോയി. ഒത്തിരി കരഞ്ഞു.
സ്തബ്ധരായി നിൽക്കുകയാണ് ഞങ്ങൾ. എന്തുചെയ്യണമെന്നറിയില്ല’’- ആറന്മുള ക്ഷേത്രത്തിനു സമീപം ഇളങ്ങോടത്ത് ചന്ദ്രൻ പിള്ളയുടെ ഇളയ മകൾ രാജശ്രീയുടെ വാക്കുകളാണിത്. ഇത് ഇവരുടെ മാത്രം ദുഃഖമല്ല. പ്രദേശത്തെ വീടുകളുടെയെല്ലാം അവസ്ഥ ഇതുതന്നെ. ബുധനാഴ്ച വൈകീട്ട് മുറ്റത്ത് വെള്ളമെത്തി തുടങ്ങിയപ്പോൾ തന്നെ രാജശ്രീയുടെ കുടുംബം വീട് ഉപേക്ഷിച്ച് സമീപത്തെ എൻ.എസ്.എസ് ഒാഡിറ്റോറിയത്തിെൻറ രണ്ടാം നിലയിൽ അഭയം തേടിയിരുന്നു. വെള്ളമിറങ്ങി തിങ്കളാഴ്ചയാണ് മടങ്ങിയെത്തിയത്. ഒറ്റനില വീടിെൻറ മേൽക്കൂരയും കവിഞ്ഞ് പ്രളയജലം ഉയരുകയായിരുന്നു. കഴിയാവുന്നിടത്തോളം സാധനങ്ങൾ മുറികൾക്കുള്ളിലെ ഷെയ്ഡുകളിൽ കയറ്റിെവച്ചു. മറ്റുള്ളവ ടെറസിനു മുകളിലും.
പുതുതായി പണിത അലമാര സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു. കിണറ്റിൽ ഘടിപ്പിച്ചിരുന്ന മോേട്ടാറിൽ വെള്ളം കയറാതിരിക്കാൻ ഇളക്കി അലമാരയുടെ മുകളിൽ െവച്ചു. ഇതെല്ലാം ചെയ്തിട്ടാണ് വീട് വിട്ടത്. മടങ്ങിയെത്തിയപ്പോൾ അലമാര കാണാനില്ല. അത് ഒഴുകിപ്പോയി. മോേട്ടാർ വെള്ളത്തിൽ കിടന്ന് കിട്ടി. ഗ്യാസ്കുറ്റി മുറിക്കുള്ളിലെ സ്റ്റെയർകെയ്സിലൂടെ പുറെത്തത്തി മേൽകൂരയിൽ തങ്ങി ഇരിക്കുന്നു. മുറികളിലാകെ മുെട്ടാപ്പം ചളി. ടി.വി, ഫ്രിഡ്ജ്, കട്ടിലുകൾ, കുഷ്യൻ കസേരകൾ എല്ലാം ചളിയടിഞ്ഞ നിലയിൽ തകിടംമറിഞ്ഞ് കിടക്കുന്നു. അയകളിൽ കിടന്ന തുണികൾ സീലിങ് ഫാനുകളിൽ തൂങ്ങി കിടക്കുന്നു. കിണറ്റിലാകെ ചളിവെള്ളം നിറഞ്ഞു. ആധാറടക്കം രേഖകൾ സൂക്ഷിച്ചിരുന്ന പെട്ടി വെള്ളവും ചളിയും നിറഞ്ഞ നിലയിൽ. രക്ഷപ്പെടാൻ നേരം ഉടുത്തിരുന്ന തുണി മാത്രമാണ് ഇവർക്ക് ഇനി ബാക്കി. ‘‘വീട്ടിലെ ചളി എങ്ങനെ നീക്കുമെന്നതാണ് ഏറ്റവും കുഴക്കുന്നത്. അത്രക്ക് വലിയ അളവിലാണ് ചളി കിടക്കുന്നത്’’-രാജശ്രീ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇടുക്കിയിലും മറ്റും ഡാം തുറന്നുവിട്ട് വെള്ളമൊഴുകുന്നതിെൻറ വാർത്തകൾ കണ്ടിരുന്നു. സമാന ഗതി തങ്ങൾക്കും വരുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ലെന്ന് മൂത്തമകൾ രാജി പറഞ്ഞു. 65 വയസ്സുണ്ട് ചന്ദ്രൻപിള്ളക്ക്. ആറന്മുള ക്ഷേത്രത്തിനടുത്ത് പാർഥസാരഥി ഹോട്ടൽ നടത്തിയാണ് നാലു സെൻറും വീടും സൗകര്യവുമെല്ലാം ഉണ്ടാക്കിയത്. അഞ്ചു പെൺമക്കളെയും വിവാഹം കഴിച്ചയച്ചതും ഇൗ വരുമാനം കൊണ്ടാണ്. ചന്ദ്രൻപിള്ള ഇപ്പോൾ രോഗിയാണ്. രണ്ടുകാലും നീരുവന്ന് കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ട നിലയിലാണ്. വെള്ളംകയറി തുടങ്ങിയപ്പോഴേ ഇദ്ദേഹത്തെ ഇൗ വീട്ടിൽനിന്ന് രക്ഷാപ്രവർത്തകർ എടുത്തുകൊണ്ട് സമീപത്തെ സ്കൂളിൽ ആക്കിയിരുന്നു. മാതാവ് വിജയമ്മയും ക്യാമ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.