ഗവർണറുടെ ചാൻസലർ പദവി എടുത്തുമാറ്റാൻ മന്ത്രിസഭായോഗത്തിൽ ഓർഡിനൻസ് കൊണ്ടുവരാൻ നീക്കം

തിരുവനന്തപുരം: ഗവർണറുമായുള്ള ഏറ്റുമുട്ടൽ പാരമ്യതയിലെത്തിയതോടെ സർവകലാശാല ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റുന്നത് സർക്കാറിന്‍റെ സജീവ പരിഗണനയിൽ. ഇതുസംബന്ധിച്ച് മന്ത്രിസഭായോഗത്തിൽ ഓർഡിനൻസ് കൊണ്ടുവരാനുള്ള ആലോചനകളാണ് നടക്കുന്നത്.

11 സർവകലാശാല വി.സിമാരെ പുറത്താക്കാനുള്ള നീക്കത്തിലൂടെ ഗവർണർ സൃഷ്ടിച്ച വൻ പ്രതിസന്ധിയെ മറികടക്കാനുള്ള വഴികൾ സർക്കാർ ആലോചനയിലാണ്. ഇതിനിടയിലാണ് സർവകലാശാലകളുടെ ചാൻസലർ പദവി ഗവർണറിൽനിന്ന് മാറ്റണമെന്ന നിർദേശമുയർന്നത്. നിർദേശം പ്രായോഗികമാക്കുകയാണെങ്കിൽ ഇതുസംബന്ധിച്ച ഓർഡിനൻസ് ഏത് നിമിഷവും പ്രതീക്ഷിക്കാം. നേരത്തേ സർക്കാറുമായുള്ള ഏറ്റുമുട്ടൽ ഘട്ടത്തിലെല്ലാം തന്നെ ചാൻസലർ പദവിയിൽനിന്ന് നീക്കാൻ ഓർഡിനൻസ് കൊണ്ടുവന്നാൽ ഒപ്പിട്ടുനൽകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരസ്യമായി പറഞ്ഞിരുന്നു.

നിയമ സർവകലാശാല (നുവാൽസ്) ഒഴികെ സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളുടെയും ചാൻസലർ പദവി ഗവർണർക്കാണ്. ഓരോ സർവകലാശാലയുടെയും ആക്ടിലാണ് ഗവർണറെ ചാൻസലറായി നിശ്ചയിച്ചിരിക്കുന്നത്. പദവിയിൽനിന്ന് നീക്കുകയാണെങ്കിൽ ഈ സർവകലാശാലകളുടെ ആക്ടിൽ ഭേദഗതി വരുത്തിയാണ് ഓർഡിനൻസ് കൊണ്ടുവരേണ്ടത്. നേരത്തേ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണം സംബന്ധിച്ച് ഡോ. ശ്യാം ബി. മേനോൻ അധ്യക്ഷനായ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ഗവർണറെ ചാൻസലർ പദവിയിൽനിന്ന് മാറ്റുന്ന രീതിയിലാണ് ശിപാർശ ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രിയെ സർവകലാശാലകളുടെ വിസിറ്ററായി നിയമിക്കാനും ഓരോ സർവകലാശാലക്കും അക്കാദമിക് മേഖലയിലെ ഉന്നത വ്യക്തിത്വങ്ങളെ ചാൻസലറായി നിയമിക്കാനുമായിരുന്നു ശിപാർശ.

11 വി.സിമാരും ഉടൻ രാജിവെക്കണമെന്ന പ്രതിസന്ധി ഒഴിഞ്ഞെങ്കിലും നവംബർ നാലിനകം 11 വി.സിമാരും കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണം. വി.സിമാരുടെ ഭാഗം കൂടി കേട്ടശേഷം തുടർനടപടിയെടുക്കുന്നതിന് ഗവർണർക്ക് ഹൈകോടതി ഉത്തരവ് പ്രകാരം തടസ്സമില്ല. ഗവർണർ നടപടിയിലേക്ക് പോകുന്നത് തടയാനുള്ള വഴികളാണ് സർക്കാർ തേടുന്നത്.   

Tags:    
News Summary - Kerala Government against Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.