തിരുവനന്തപുരം: സംസ്ഥാന സർക്കാർ കർശന ചെലവ് ചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫിസുകളിലും ഫര്‍ണിച്ചര്‍ വാങ്ങല്‍, വാഹനങ്ങള്‍ വാങ്ങല്‍ എന്നിവ അനുവദിക്കില്ല. വീണ്ടും സാലറി കട്ട്, ലീവ് സറണ്ടർ പി.എഫിൽ ലയിപ്പിക്കൽ, സ്കൂളുകളിലും കോളജുകളിലും തസ്തിക സൃഷ്ടിക്കലിന് നിയന്ത്രണം അടക്കം നടപ്പാക്കും.
വരുമാനവർധനക്കും നടപടിയുണ്ട്. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, സെൻറര്‍ ഫോര്‍ ഡെവലപ്മെൻറ് സ്റ്റഡീസ് ഡയറക്ടര്‍ പ്രഫ. സുനില്‍ മാണി എന്നിവർ അധ്യക്ഷരായ രണ്ട് വിദഗ്ധസമിതികളുടെ ശിപാർശ പരിഗണിച്ചാണ് മന്ത്രിസഭ കടുത്ത നടപടികൾ തീരുമാനിച്ചത്.
● ജീവനക്കാർക്ക് 20 വര്‍ഷം ശൂന്യവേതന അവധി എന്നത് അഞ്ചുവര്‍ഷമായി ചുരുക്കും. അഞ്ച് വര്‍ഷത്തിനുശേഷം ജോലിക്ക് ഹാജരാകാതിരുന്നാല്‍ കല്പിത രാജിയായി പരിഗണിക്കും. നിലവില്‍ അവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് ലഭിച്ചവർക്ക് ബാധകമല്ല. ഇപ്പോള്‍ പരിഗണനയിലിരിക്കുന്ന അഞ്ച് വര്‍ഷത്തിനുശേഷമുള്ള അവധി അപേക്ഷകള്‍ ദീര്‍ഘിപ്പിച്ച് നല്കുന്ന കാര്യം പരിഗണിക്കുമ്പോള്‍ കരാര്‍ വ്യവസ്ഥ നിലനില്‍ക്കുന്ന കേസുകളില്‍ അക്കാര്യവും പരിഗണിച്ച് ഉത്തരവിറക്കും.
● ഒരു ഉദ്യോഗസ്ഥന് 90 ദിവസം അവധിയെടുത്താല്‍ പ്രമോഷന് നല്കി ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കും. അധിക ചുമതല നല്കി കൃത്യനിർവഹണം നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും.
● കേന്ദ്രാവിഷ്കൃത പദ്ധതികളുള്‍പ്പെടെ പദ്ധതികൾ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടും അവിടെ തുടരുന്നവരിൽ അധിക ജീവനക്കാരെ ആവശ്യമുള്ള വകുപ്പുകളിലേക്ക് വിന്യസിക്കും. തുടര്‍ നടപടികളടങ്ങിയ കരട് കുറിപ്പുകള്‍ അവയുടെ നിർവഹണ കലണ്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാരവകുപ്പും ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് ഒരു മാസത്തിനുള്ളില്‍ തയാറാക്കും.
● ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിന് ഇ-ഓഫിസ് സോഫ്റ്റ്വെയര്, കമ്പ്യൂട്ടര്‍ സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന ഓഫിസുകളില്‍ അധികമായ ടൈപ്പിസ്റ്റ് തസ്തികകള്‍ മറ്റ് തസ്തികകളിലേക്ക് പുനര്വിന്യാസിക്കും. ഓഫിസ് അറ്റന്‍ഡൻറ് തസ്തികകള്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് മാറ്റും.
● പൊതുമരാമത്ത്, ജലവിഭവ വകുപ്പുകള്‍, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വിവിധ സാങ്കേതിക വകുപ്പുകളിലും സാങ്കേതികവിഭാഗം ജീവനക്കാര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍തന്നെ ചെയ്തുവരുന്ന ടൈപ്പിസ്റ്റ് തുടങ്ങിയ ക്ലറിക്കല്‍ സ്റ്റാഫിെൻറ എണ്ണം കണ്ടെത്തി മറ്റു വകുപ്പുകളിലേക്കോ സ്ഥാപങ്ങളിലേക്കോ ഒരുമാസത്തിനുള്ളില്‍ നിയോഗിക്കും.
● ക്ഷേമനിധികള്‍, കമീഷനുകള്‍, അതോറിറ്റികള്‍, സൊസൈറ്റികളായി രൂപവത്കരിച്ച വിവിധ സ്ഥാപനങ്ങള്‍ തുടങ്ങി ഒരേ മേഖലയില്‍ പൊതുവായി ഒരേതരത്തിലുള്ള വികസന സേവന ഉദ്ദേശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ഒറ്റ ഭരണസംവിധാനങ്ങളാക്കി മാറ്റും. സാങ്കേതികമായി പുനഃസംഘടിപ്പിച്ച് ഭരണ-സേവന പ്രവര്‍ത്തനങ്ങളിലെ ഇരട്ടിപ്പ് ഒഴിവാക്കും.
●സ്റ്റാറ്റ്യൂട്ടറി അല്ലാത്ത വിവിധ ജുഡീഷ്യല്‍ കമീഷനുകളുടെ പ്രവര്‍ത്തനത്തിന് ഏകോപിത ഓഫിസ് സംവിധാനം മതിയാകും.
● എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും സ്വന്തമായതും വാടകക്ക് ഉപയോഗിക്കുന്നതുമായ വാഹനങ്ങൾ സംബന്ധിച്ച വിവരങ്ങള്‍ ധനവകുപ്പിെൻറ വെബ്സൈറ്റിലെ 'വീല്‍സ്' എന്ന വെബ് അധിഷ്ഠിത വെഹിക്കിള്‍ മാനേജ്മെൻറ് സിസ്റ്റത്തില്‍ രേഖപ്പെടുത്തും.
ഇനിമുതല്‍ സര്‍ക്കാര്‍ വാഹനങ്ങളുടെ വാങ്ങല്‍, പരിപാലനം, വിൽപന, അവക്കാവശ്യമായ ജീവനക്കാരുടെ നിയമനം, തസ്തിക സൃഷ്ടിക്കല്‍ എന്നിവ ഇതിെൻറ അടിസ്ഥാനത്തിലാക്കും.
●ഔദ്യോഗിക ചര്‍ച്ചകള്‍, യോഗങ്ങള്‍, പരിശീലനങ്ങള്‍, ശിൽപശാലകള്, സംവാദങ്ങള്‍ തുടങ്ങിയ പരിപാടികളെല്ലാം പരമാവധി ഓണ്‍ലൈനാക്കും.
● ഔദ്യോഗിക യാത്രാചെലവുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനും പരിശോധിച്ച് പണം നല്‍കുന്നതിനും ഏകീകൃത ഓണ്‍ലൈന്‍ സംവിധാനം. സ്പാര്ക്കിെൻറ ഭാഗമായി രണ്ടു മാസത്തിനകം ഇതിന് ഏര്‍പ്പെടുത്തും.
● ഓഫിസുകളുടെയും സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളില്‍ ഉപയോഗിക്കാത്ത സ്ഥലം കണ്ടെത്തി വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയെ അവിടേക്ക് മാറ്റും.
● സര്‍ക്കാര്‍ ഭൂമിയുടെ പാട്ടത്തുക അടിയന്തരമായി പിരിച്ചെടുക്കാന്‍ മിഷന് മോഡില്‍ ടാസ്ക്ഫോഴ്സ് രൂപവത്കരിക്കും. ഭൂമിയുടെ കമ്പോളവില അനുസരിച്ച് പാട്ടത്തുക കണക്കാക്കാനും പൊതുമേഖലാ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉപയോഗശൂന്യമായിട്ടിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനും നടപടി.
● നിലവിെല മറ്റെല്ലാ ചെലവു ചുരുക്കല്‍ നടപടികളും തുടരും.
● ഓരോ സര്‍ക്കാര്‍ ഓഫിസിലെയും സ്ഥാപനങ്ങളിലെയും ഈ സാമ്പത്തികവര്‍ഷത്തില്‍ ശേഷിക്കുന്ന മാസങ്ങളിലെ പദ്ധതി, പദ്ധതിയേതര ചെലവ് എന്നിവ ചുരുക്കും.
● ഓഫിസുകളിലും സ്ഥാപനങ്ങളിലും ഇനിയും സൂക്ഷിക്കേണ്ടതില്ലെന്നും പുനരുപയോഗിക്കാന്‍ കഴിയില്ലെന്നും ഉറപ്പുവരുത്തിയ സാധനങ്ങള്‍ മൂന്നുമാസത്തിനുള്ളില്‍ ഓണ്‍ലൈനിലൂടെ ലേലം ചെയ്യും.
● ചെലവ് ചുരുക്കല്‍ തീരുമാനങ്ങളും എല്ലാ വകുപ്പിലും അവയുടെ നിയന്ത്രണത്തിലെ സ്ഥാപനങ്ങളിലും നടപ്പാക്കൽ നിരീക്ഷിക്കാനും ഓണ്‍ലൈനായി റിപ്പോര്‍ട്ട് നല്‍കുന്നതിനും ഓരോ വകുപ്പിലും കുറഞ്ഞത് ഒരു വര്‍ഷത്തെയെങ്കിലും സേവനപരിചയമുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.
● വകുപ്പുകളുടെയും തദ്ദേശവകുപ്പിെൻറ പ്രവൃത്തിയുടെയും സപ്ലയറുടെയും ബില്ലുകള്‍ നവംബര്‍ ഒന്നുമുതല്‍ ബില്‍ ഡിസ്കൗണ്ടിങ് സംവിധാനത്തിലേക്ക് മാറ്റും.
● അധിക വായ്പക്കുള്ള നിബന്ധനകള്‍ എത്രയും പെട്ടെന്ന് പാലിക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും അടിയന്തര നിര്‍ദേശം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.