തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പിൻവലിക്കാൻ സർക്കാർ അപേക്ഷ നൽകിയത് വിവിധ കോടതികളിലെ 5325 കേസുകൾ. പെറ്റിക്കേസുകൾ അനാവശ്യമായി ചുമത്തി ജനങ്ങളെ പൊലീസ് പീഡിപ്പിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് സർക്കാർ ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയതും ക്രിമിനൽ സ്വഭാവമുള്ളതുമായ ആയിരക്കണക്കിന് കേസുകൾ പിൻവലിക്കാൻ സർക്കാർ കോടതികളെ സമീപിച്ചത്.
ഭൂരിപക്ഷം കേസുകളിലും തുടർനടപടികൾ ഇതിനകം അവസാനിപ്പിക്കുകയും ചെയ്തു. നിയമസഭയിലെ കൈയാങ്കളി കേസ് പോലെ കോടതിയുടെ ഇടപെടൽമൂലം അവസാനിപ്പിക്കാനാകാത്ത ഏതാനും കേസുകളുണ്ട്.
2016 മേയ് 25 മുതൽ ഇൗ വർഷം ഒക്ടോബർവരെയുള്ള കണക്കുകൾ പ്രകാരമാണ് വിവിധ കോടതികളിൽ പരിഗണനയിലുള്ള 5325 കേസുകൾ പിൻവലിക്കുന്നതിന് സർക്കാറിന് എതിർപ്പില്ലെന്ന നിരാേക്ഷപപത്രം സമർപ്പിച്ചത്. സർക്കാർ ഒൗദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം േനതാക്കൾ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെട്ട കേസുകളുമുണ്ട്. പ്രതിഷേധ മാർച്ചുകൾ, ധർണകൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾക്ക് പുറമെ പൊതുമുതൽ നശിപ്പിച്ചവ, ക്രിമിനൽ കേസുകൾ എന്നിവയും ഇതിൽ ഉൾപ്പെടും.
പൊലീസിന് നേരെയുണ്ടായ അതിക്രമങ്ങൾ ഉൾപ്പെടെ കേസുകൾ പലതും പിൻവലിച്ചിട്ടുണ്ട്. പി.എസ്.സി പരീക്ഷാ തട്ടിപ്പ് പോലുള്ള കേസുകളിലെ പ്രതികളിൽ ചിലർ ഉൾപ്പെട്ട ക്രിമിനൽ കേസുകളും ഇതിൽപെടും. ഇടതു നേതാക്കൾ പ്രതികളായ കേസുകളാണ് പിൻവലിക്കപ്പെട്ടവയിൽ ഏറെയും.
ഇത്തരത്തിൽ സർക്കാർ സമർപ്പിക്കുന്ന അപേക്ഷകളിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് എതിർപ്പ് പ്രകടിപ്പിക്കാത്തതിനെതുടർന്ന് കേസ് പിൻവലിക്കാൻ അനുമതി നൽകുകയാണ് പതിവ്. എന്നാൽ, നിയമസഭ കൈയാങ്കളി കേസിൽ പ്രതിപക്ഷത്തുനിന്ന് എതിർപ്പുണ്ടായ സാഹചര്യത്തിലാണ് േകാടതി ഇടപെടുകയും കേസ് പിൻവലിക്കാൻ അനുമതി നിഷേധിച്ചതും വിടുതൽ ഹരജി തള്ളിയതും. അല്ലെങ്കിൽ സർക്കാർ ഖജനാവിന് ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയ ഇൗ േകസും അവസാനിക്കുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.