കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിട്ട ഹൈകോടതി ഉത്തരവി നെതിരെ ഉപതെരഞ്ഞെടുപ്പിനുമുേമ്പ അപ്പീൽ നൽകാൻ സർക്കാറിൽ സമ്മർദമേറുന്നു. കേസ് രേഖകൾ ഉടൻ കൈമാറണമെന്ന ആവശ്യം സി.ബി.ഐ ശക്തമാക്കിയതോടെയാണ് അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കാനുള്ള സർക്കാർ നീക്കംപാളുന്നത്.
അപ്പീൽ നൽകാതെ സി.ബി.ഐ അന്വേഷണ നടപടികൾ ഇനിയും വൈകിപ്പിക്കാനാവാത്ത അവസ്ഥയിലാണ് സർക്കാർ. പുതിയ സാഹചര്യത്തിൽ എത്രയുംവേഗം അപ്പീൽ നൽകാൻ നടപടിയെടുക്കണമെന്ന വിദഗ്ധോപദേശം ലഭിച്ചതായും അറിയുന്നു. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസിലെ അന്വേഷണം സെപ്റ്റംബർ 30നാണ് ഹൈകോടതി സി.ബി.ഐക്ക് വിട്ടത്. രാഷ്ട്രീയസമ്മർദം മൂലം പക്ഷപാതരഹിതവും ഫലപ്രദവുമായ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിന് സാധിച്ചതായി കരുതാനാവില്ലെന്ന വിലയിരുത്തലോടെയായിരുന്നു ഉത്തരവ്.
കൊല്ലപ്പെട്ട ശരത്ലാലിെൻറയും കൃപേഷിെൻറയും മാതാപിതാക്കൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സി.ബി.ഐ തിരുവനന്തപുരം യൂനിറ്റിന് ഉടൻ നൽകണമെന്ന നിർദേശവും സിംഗിൾ ബെഞ്ചിെൻറ ഉത്തരവിലുണ്ടായിരുന്നു. എന്നാൽ, അപ്പീൽ സംബന്ധിച്ച കാര്യത്തിൽ തീരുമാനമാകാത്തതിനാൽ രേഖകൾ ഇതുവരെ ൈകമാറിയിട്ടില്ല. ഉത്തരവുണ്ടായി രണ്ടാഴ്ചയായിട്ടും അപ്പീൽ നൽകാതെ രേഖകൾ നൽകാൻ വൈകുന്നത് വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് 21ന് നടക്കാനിരിക്കെ യു.ഡി.എഫ്, ബി.ജെ.പി കേന്ദ്രങ്ങൾ ഇത് പ്രചാരണായുധമാക്കി മൂർച്ചകൂട്ടി പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ്.
ഉത്തരവിനെതിെര ഇനിയും അപ്പീൽ നൽകാതിരുന്നാൽ സി.ബി.ഐയോ ഹരജിക്കാരോ സംസ്ഥാന സർക്കാറിനെതിരെ കോടതിയെ സമീപിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് സർക്കാർ വിലയിരുത്തുന്നു; പ്രത്യേകിച്ചും തെരഞ്ഞെടുപ്പിലേക്ക് ഒരാഴ്ച മാത്രം ശേഷിക്കേ. രേഖകൾ ൈകമാറാത്തത് ചൂണ്ടിക്കാട്ടി സി.ബി.ഐ അന്വേഷണ ഉത്തരവ് അട്ടിമറിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചും കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടും ഹരജികൾ വന്നേക്കാം. ഇത് തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളിലായാൽ പാർട്ടിയുടെ വിജയസാധ്യതയെ ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.